ഇന്റര്‍സെപ്റ്ററെത്തി; 958 വാഹനങ്ങള്‍ കുടുങ്ങി
കല്‍പ്പറ്റ: പൊലിസ് വകുപ്പിന് കീഴില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനമെത്തിയതോടെ കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ അപകടങ്ങളും കുറഞ്ഞു.
അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്ന ദേശീയപാതയില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം സദാ ജാഗരൂകമായതോടെ അപകടങ്ങളില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിച്ചിട്ടുണ്ട്. ദേശീയപാതയില്‍ ഇതുവരെ ഇന്റര്‍സെപ്റ്ററിന്റെ പരിശോധനയില്‍ കുടുങ്ങിയത് 958 വാഹനങ്ങളാണ്.
ഇവയില്‍ നിന്ന് പിഴയായി 2,95,200 രൂപയും ഈടാക്കിയിട്ടുണ്ട്. 23 സ്വകാര്യ ബസുകള്‍, ആറ് കെ.എസ്.ആര്‍.ടി.സി, രണ്ട് കര്‍ണാടക ആര്‍.ടി.സി, 20 ടൂറിസ്റ്റ് ബസുകള്‍, 35 ലോറികള്‍, മൂന്ന് ടിപ്പറുകള്‍, 763 ചെറുകിട വാഹനങ്ങള്‍, 105 ഇരുചക്രവാഹനങ്ങള്‍, അപകടകരമായി വാഹനമോടിച്ചതിന് ഒരാള്‍ക്കെതിരെയും എടുത്ത നടപടികള്‍ അടക്കമാണ് ഈ പിഴ ഈടാക്കിയത്. ഇതില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എ.ടി.ഒമാര്‍ക്ക് ജില്ലാ പൊലിസ് ചീഫ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ട് കര്‍ണാടക ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആര്‍.ടി.സിക്കും പരാതി അയച്ചിട്ടുണ്ട്.
ജില്ലയില്‍ ഏറ്റവുംകൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ദേശീയപാതയിലാണ്.
ഇതില്‍തന്നെ ബ്ലാക്ക് പോയിന്റായ നിരവധി സ്ഥലങ്ങളാണുള്ളത്. ഇത്തരം സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഇന്റര്‍സെപ്റ്റര്‍ പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."