വന്യജീവി ആടുകളെ കൊന്നു; രണ്ടിടങ്ങളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
സുല്‍ത്താന്‍ ബത്തേരി: വന്യജീവി ആടുകളെ കടിച്ചുകൊന്നു. നമ്പ്യാര്‍കുന്ന് മാന്തണ ചന്ദ്രികയുടെ ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ വന്യജീവി കൊന്നത്. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നമ്പിക്കൊല്ലിയിലും പഴൂരും റോഡ് ഉപരോധിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വന്യമൃഗശല്യം കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
വീടിനോട് ചേര്‍ന്നുള്ള കൂട്ടിലായിരുന്നു ആടുകള്‍. പുലര്‍ച്ചെ പാല് വിതരണത്തിന് പോകുകയായിരുന്ന പ്രദേശവാസിയാണ് ആട്ടിന്‍കുട്ടിയെ പുലി കടിച്ചു കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ വീട്ടുകാര്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സമീപത്തെ കാപ്പിതോട്ടത്തില്‍ നിന്ന് തള്ളയാടിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മടങ്ങി. വനപാലകരുടെ സാന്നിധ്യമില്ലാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ലെന്നറിയിച്ച് വെറ്ററിനറി ഡോക്ടറും മടങ്ങിയിരുന്നു. ഇതോടെ ഉച്ചയോടെ ഫോറസ്റ്റ് സ്റ്റേഷന്റെ ചെക്ക് പോസ്റ്റ് ബാറില്‍ ആടുകളുടെ ജഡം കെട്ടിത്തൂക്കി റോഡ് ഉപരോധം ആരംഭിച്ചു. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അബ്ദുല്ലയെ ബന്ധിയാക്കി. പ്രശ്നം രൂക്ഷമായതോടെ പൊലിസും ജനപ്രതിനിധികളും സ്ഥലത്തെത്തി. വിവരമറിയിച്ചെങ്കിലും വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നില്ല. ഇത് സംഘര്‍ഷം രൂക്ഷമാക്കി. തുടര്‍ന്ന് വൈകിട്ട് ആറ് മണിയോടെ ബത്തേരി റേഞ്ച് ഓഫിസര്‍ കൃഷ്ണദാസ്, റാപ്പിഡ് റെസ്പോന്‍ഡ് ടീം റേഞ്ച് ഓഫിസര്‍ ആര്. വിനോദ് എിവര്‍ സ്ഥലത്തെത്തി. ഡെപ്യൂട്ടി ഹെഡ്ക്വാട്ടേഴ്സ് തഹസില്‍ദാര്‍ രാമകൃഷ്ണന്, പൊലിസ് സി.ഐ. എം.ഡി. സുനില്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ആടുകളെ പോസ്റ്റ് മാര്‍ട്ടം ചെയ്ത് വെറ്ററിനറി സര്ജന് പറഞ്ഞ തുക ഇപ്പോള്‍ നഷ്ടപരിഹാരമായി നല്‍കുകയും 25000 രൂപ വീതം നഷ്ടപരിഹാരം ലഭിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിനും തീരുമാനമായി. വന്യമൃഗത്തെ പിടിക്കുന്നതിന് കൂടുവെക്കാനും നടപടി സ്വീകരിക്കും. തുടര്‍ന്ന് വൈകിട്ട് ഏഴുമണിയോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."