ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് പാച്ചേനി
കണ്ണൂര്‍: ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി എത്തുമെന്ന് ഉറപ്പായി. ഇന്നലെ തിരുവനന്തപുരത്ത് ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു സതീശന്‍ പാച്ചേനിയുടെ പേരാണ് ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പിലെത്തിയ പാച്ചേനിയുടെ പേരാണു ജില്ലയില്‍ ഐ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന കെ സുധാകരന്‍ ഉന്നയിച്ചത്. കാര്യമായ എതിര്‍പ്പ് ഉയര്‍ത്താത്ത എ ഗ്രൂപ്പും ഇത് അംഗീകരിച്ച മട്ടാണ്. എന്നാല്‍ സംസ്ഥാനത്ത് ഐ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്ന കെ.സി വേണുഗോ പാല്‍ വിഭാഗം വി.എ നാരായണന്‍, സജീവ് മാറോളി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും ഇതിന് പ്രബലരായ എ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിച്ച് പരാജയപ്പെട്ട പഴയ എ വിഭാഗക്കാരന്‍ കൂടിയായ സതീശന്‍ പാച്ചേനിക്കു പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ അവരും അ നുകൂലിക്കുന്നു.
സംസ്ഥാനതലത്തില്‍ രണ്ടു ഗ്രൂപ്പുകളാണെങ്കിലും എ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഐ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന കെ സുധാകരനും നല്ല ബന്ധത്തിലാണ്. ഇതും സതീശന് അനുകൂലമായി. സമവായത്തിനു വിളിച്ച യോഗത്തില്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റിനെചൊല്ലി നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായില്ല. ചര്‍ച്ച ഇന്നും തുടരും.
കഴിഞ്ഞതവണ ഡി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ കാര്യത്തില്‍ കേരളത്തില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്നു നിലവിലെ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ കെ സുധാകരന്റെ നോമിനിയായി എത്തിയപ്പോള്‍ എതിരാളിയായി എ വിഭാഗം നിശ്ചയിച്ചതു പാച്ചേനിയെയായിരുന്നു.
ഒടുവില്‍ ഹൈക്കമാന്‍ഡാണു കണ്ണൂര്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."