ഭരണപരാജയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയുടെ ഭരണപരാജയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരു വര്‍ഷം പിന്നിട്ട പെരുമ്പാവൂര്‍ നഗരസഭയുടെ ഭരണം പരാജയത്തില്‍ നിന്നും പരാജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ്.
നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും റോഡുകളും നടപ്പാതകളും തകര്‍ന്നു കിടക്കുന്ന അറ്റകുറ്റപണി നടത്താന്‍ പോലും നഗരസഭ തയ്യാറായിട്ടില്ല. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
മുന്‍കാലങ്ങളില്‍ മഴയ്ക്ക് മുമ്പും ശേഷവും വേണ്ടവിധം അറ്റകുറ്റുപണികള്‍ നടത്തിയിരുന്നു. എന്നാല്‍ പുതിയ കൗണ്‍സില്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടിട്ടും വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. കൂടാതെ കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് പാസാക്കിയ ടെന്‍ഡര്‍ ചെയ്ത ജോലികളും ഇതുവരേയും തീര്‍ക്കുവാന്‍ നഗസരഭയ്ക്ക് ആയിട്ടില്ല. നഗരസഭയുടെ നിസംഗത മൂലം മാലിന്യസംസ്‌കരണത്തിന് വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് സസ്യ മാര്‍ക്കറ്റ്, പ്രൈവറ്റ് ബസ്റ്റാന്റ്, പാലക്കാട്ടുതാഴം പാലം, പാത്തിപാലം, വല്ലം എന്നിവിടങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാര്‍ക്ക് ഇടയിലുള്ള കുടിപ്പകയും ഗ്രൂപ്പ് വഴക്കുമാണ് ഭരണസ്തംഭനത്തിന് ഇടവരുത്തിയിരിക്കുന്നതെന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ പരാജയഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എസ്.എ മുഹമ്മദ് പറഞ്ഞു.
യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ തോമസ് പി.കുരുവിള, ബാബു ജോണ്‍, കെ.എം.എ സലാം, ടി.ജി സുനില്‍ കുമാര്‍, എന്‍.എ റഹീം, വി.പി നൗഷാദ്, പോള്‍ പാത്തിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."