വടക്കാഞ്ചേരി പീഡനം: പേരമംഗലം സിഐയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി
തൃശൂര്‍:വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണ ചുമതലയില്‍ നിന്ന് പേരമംഗലം സിഐയെ മാറ്റി. ഗുരവായൂര്‍ എസ്പി പിഎ ശവദാസിനാണ് പകരം അന്വേഷണ ചുമതല നല്‍കിയത്. പേരമംഗലം സിഐ ക്കെതിരില്‍ ഗുരുതര ആരോപണങ്ങളാണ് തിരുവന്തപുരത്ത് വെച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പീഡനത്തിനിരയായ യുവതി ഉന്നയിച്ചിരുന്നത്.
യുവതി ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ പൊലിസ് കമ്മീഷണര്‍ പേരമംഗലം സി.ഐയെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയത്. പേരമംഗലം സിഐ കേസ് അന്വേഷണ സമയത്ത് മോശമായി പെരുമാറിയെന്നും യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുവതിയുടെ സിഐക്കെതിരെയുള്ള ആരോപണങ്ങളും കേസിൻറെ അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തും
പീഡിപ്പിക്കപ്പെട്ട യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. ഇന്നലെയാണ് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലിസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്
.
2014ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭര്‍ത്താവ് ആശുപത്രിയിലാണെന്നും പറഞ്ഞ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ഇവര്‍ തന്നെ കൂട്ടിക്കൊണ്ടുപോയി. കൊടുങ്ങല്ലൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. സംഭവത്തിന് ശേഷം പരാതി നല്‍കാന്‍ എത്തിയ പൊലിസില്‍ നിന്നും മോശമായ പ്രതികരണമാണ് ലഭിച്ചത്. ആദ്യം വനിതാ സെല്ലിലാണ് തങ്ങള്‍ പരാതി നല്‍കിയത്.
പിന്നീടാണ് പൊലിസ് സ്റ്റേഷനില്‍ എത്തിയത്. വനിതാ സെല്ലില്‍ പരാതിപ്പെട്ടെന്ന് അറിയിച്ചപ്പോള്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് നമ്മുക്ക് കേസില്‍ ഒത്തുതീര്‍പ്പിലെത്താമെന്നും സി.ഐ പറഞ്ഞു. എന്നാല്‍, തനിക്ക് പരാതിയുമായി മുന്നോട്ടുപോകാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചപ്പോള്‍ പിന്നീട് വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. പേരാമംഗലം സി.ഐയില്‍ നിന്നാണ് മോശമായ അനുഭവം ഉണ്ടായിട്ടുള്ളത്. പീഡിപ്പിക്കപ്പെട്ടതിനേക്കാള്‍ വേദനാജനകമായിരുന്നു പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള അനുഭവമെന്നും യുവതി പറഞ്ഞു.
കേസിന്റെ പേരില്‍ തന്നെയും കൊണ്ട് മൂന്നു ദിവസത്തോളമാണ് പൊലിസ് വിവിധയിടങ്ങളില്‍ അന്വേഷണാത്മകമായി കൊണ്ടുപോയത്. ഈ സമയത്തെല്ലാം സി.ഐയില്‍ നിന്നും മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. രാഷ്ട്രീയസ്വാധീനമുള്ള പ്രതികളുടെ ഭാഗത്തുനിന്നാണ് സി.ഐ സംസാരിച്ചത്. കേസുമായി മുന്നോട്ടുപോയാല്‍ സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.
കേസ് കോടതിയിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന പണത്തിനു വേണ്ടിയാണ് കേസ് നല്‍കിയതെന്നും തൃശ്ശൂര്‍ വടക്കാഞ്ചേരി കോടതിയില്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ പറഞ്ഞു. പരാതിയില്‍ നിന്നും പിന്മാറുന്ന പേടിച്ചിട്ടാണെന്നും യുവതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. കോടതിയില്‍ മൊഴി മാറ്റിപ്പറയാന്‍ സി.ഐ പഠിപ്പിച്ചു.
സംഭവങ്ങള്‍ക്ക് ശേഷം തുടര്‍ന്നും പ്രതികളില്‍ നിന്ന് ഭീഷണികളും മാനസികപീഡനങ്ങളും തുടര്‍ന്നു. തങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് എറണാകുളത്തേക്ക് മാറിത്താമസിച്ചത്. മൂന്നു മാസത്തോളമായി തൃശ്ശൂരിലേക്ക് തങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ വിശദീകരണത്തോടെ ചിലപ്പോള്‍ ഞങ്ങള്‍ തിരിച്ചുപോയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും യുവതി പറഞ്ഞു.
തങ്ങളുടെ പരാതിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും പറഞ്ഞ യുവതി കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പറയുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."