ബ്രിക്‌സ് രാജ്യാന്തര സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി
കൊച്ചി: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ബ്രിക്‌സ് രാജ്യാന്തര സമ്മേളനത്തിന് കൊച്ചി താജ് ഗേറ്റ്‌വേ ഹോട്ടലില്‍ തുടക്കമായി. പൊതുപങ്കാളിത്തത്തോടെ പ്രാദേശിക ബജറ്റ് തയാറാക്കല്‍ എന്ന വിഷയത്തിലൂന്നിയുള്ള സമ്മേളനം കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പതിനാലാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതുവഴി ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് തടസ്സമില്ലാതെ പണം ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി പുരുഷോത്തം റുപാല പറഞ്ഞു. രണ്ടുലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഈ പണം ചെലവഴിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വികസന പദ്ധതികളെ ബാധിക്കരുതെന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. തുറസ്സായ സ്ഥലത്തെ വിസര്‍ജനം ഒഴിവാക്കിയ സംസ്ഥാനത്തിന്റെ നടപടി ഇതിന് ഉദാഹരണമാണ്. രണ്ടുമാസം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കക്കൂസുകളാണ് സംസ്ഥാനത്ത് നിര്‍മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണവര്‍ഗം ഗ്രാമങ്ങളില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭാ എം.പി വിനയ് സഹസ്രബുദ്ധേ പറഞ്ഞു.
റഷ്യന്‍ ഫെഡറേഷന്‍ ബഷ്‌കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫിസര്‍ കാവോ ഹായിജുന്‍, രാജസ്ഥാന്‍ പഞ്ചായത്തീരാജ് മന്ത്രി സുരേന്ദ്ര ഗോയല്‍, കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ജെ.എസ് മാഥുര്‍, കേന്ദ്ര പഞ്ചായത്തീരാജ് അഡിഷനല്‍ സെക്രട്ടറി എ.കെ ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യക്കുപുറമെ ബ്രിക്‌സ് കൂട്ടായ്മയിലെ അംഗങ്ങളായ ബ്രസീല്‍,റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."