കണ്ടിട്ടും കാണാതെ പോകരുത് നെയ്ക്കുപ്പ വനത്തിലെ ശിലാചിത്രങ്ങള്‍
നടവയല്‍: വില്ലേജിലെ നെയ്ക്കുപ്പ വനത്തില്‍ വേലിയമ്പം കോട്ടയോട് ചേര്‍ന്നുള്ള ശിലാചിത്രങ്ങള്‍ സംരക്ഷണം തേടുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രങ്ങള്‍ അടങ്ങിയ പാറകള്‍ നെയ്ക്കുപ്പ വനത്തിലുള്ളത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇവ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല. റവന്യൂ വകുപ്പിലേതടക്കം ഏതാനും ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിക്കുക മാത്രമാണുണ്ടായത്.
പുല്‍പ്പള്ളി റോഡിലെ നെയ്ക്കുപ്പ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയാണ് വേലിയമ്പം കോട്ട. ഇവിടെനിന്ന് 100 മീറ്റര്‍ മാറിയാണ് ചിത്രങ്ങളുള്ള പാറകള്‍. ദക്ഷിണേന്ത്യയിലെ ആദിവാസികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി 2015 ജൂണില്‍ ജില്ലയിലെത്തിയ ഇന്ത്യന്‍ വംശജയായ ബെല്‍ജിയന്‍ വനിത ഗിരാ ഗ്രാറ്റിയറാണ് നെയ്ക്കുപ്പ വനത്തിലെ ശിലാചിത്രങ്ങളെക്കുറിച്ച് ആദ്യമായി പുറംലോകത്തെ അറിയിച്ചത്. എടയ്ക്കല്‍ ഗുഹയിയിലേയും തൊവരിമലയിലെയും ചിത്രങ്ങളുമായി സാദൃശ്യവും അത്രതന്നെ പഴക്കവും തോന്നിക്കുന്നതാണ് നെയ്ക്കുപ്പ വനത്തില്‍ പാറകളില്‍ കാണുന്ന ചിത്രങ്ങളെന്നാണ് ബ്രസല്‍സില്‍ സ്ഥിരതാമസമാക്കിയ ചരിത്രഗവേഷകയായ ഇവര്‍ അഭിപ്രായപ്പെട്ടത്.
ചോള രാജവംശകാലത്തെ നിര്‍മാണശൈലിയിലുള്ളതാണ് വേലിയമ്പം കോട്ടയിലെ അമ്പലം. വനത്തില്‍ പാറകളില്‍ കാണുന്ന ശിലാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതല്ലെന്നാണ് സ്ഥലപരിശോധന നടത്തിയ ചരിത്രകാരന്‍ മുണ്ടക്കയം ഗോപി അഭിപ്രായപ്പെട്ടത്. വേലിയമ്പം കോട്ടയ്ക്കടുത്തുള്ള അമ്പലത്തിന്റെ ശില്‍പികള്‍ വിശ്രമവേളകളില്‍ ശിലയില്‍ വരഞ്ഞതാണ് ചിത്രങ്ങളെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
നെയ്ക്കുപ്പ വനത്തിലെ ശിലാചിത്രങ്ങളുടെ സംരക്ഷണത്തില്‍ റവന്യൂ, പുരാവസ്തു വകുപ്പുകള്‍ക്കു പുറമെ വനം വകുപ്പിനും താല്‍പര്യമില്ല.
ചിത്രങ്ങളടങ്ങിയ പാറകളുള്ള പ്രദേശം വേലികെട്ടിത്തിരിക്കുന്നതില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന വനസംരക്ഷണ സമിതിയും താല്‍പര്യം കാട്ടുന്നില്ല. ശിലാചിത്രങ്ങളുടെ സംരക്ഷണത്തിന് അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."