ജില്ലാ ആശുപത്രിയിലെ വിപുലീകരിച്ച ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍
ചെമ്മട്ടംവയല്‍: ചെമ്മട്ടംവയലിലെ ജില്ലാശുപത്രിയിലുളള ബ്ലഡ് ബാങ്കിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചു മൂന്നു വര്‍ഷമായിട്ടും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ല.
കെസാറ്റ്‌സ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം മുന്‍പാണു ബ്ലഡ്ബാങ്ക് വിപുലീകരണത്തിനു തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായി അന്‍പതു ലക്ഷത്തോളം തുക ചെലവഴിച്ചു വിപുലീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.എം.എസ്.സി.എല്‍ ഉപകരണങ്ങളും സ്ഥാപിച്ചു.
ഒരു വര്‍ഷം മുന്‍പു അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ആവശ്യമായ ജനറേറ്ററും സ്ഥാപിച്ചെങ്കിലും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. മൂന്നു വര്‍ഷം മുന്‍പു തന്നെ ജീവനക്കാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിരുന്നു.
തുടര്‍ന്നു വിപുലീകരിച്ച ബ്ലഡ് ബാങ്കിനു ലൈസന്‍സിനും അപേക്ഷിച്ചിരുന്നു. താല്‍ക്കാലികമായ ലൈസന്‍സെങ്കിലും ലഭ്യമായാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഇവിടെ സ്ഥാപിച്ച ഉപകരണങ്ങളുടെ ഗ്യാരണ്ടിയും കഴിയാറായി.
ഇതു പ്രവര്‍ത്തനമാരംഭിച്ചാല്‍ ഹിമോഫീലിയ രോഗികള്‍ക്കു ഫാക്ടറുകള്‍ക്കു പകരമായി ഉപയോഗിക്കുന്ന ക്രയോ പി.പി.ടി, ക്രയോ പ്ലാസ്മ തുടങ്ങിയവ ഇവിടുന്നു തന്നെ വേര്‍തിരിച്ചു സൗജന്യമായി നല്‍കാന്‍ കഴിയും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ഇതു ഏറെ ഉപകരിക്കും.
വിഷയത്തില്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നു കാസര്‍കോട് ജില്ലാ ഹിമോഫീലിയ സൊസൈറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."