ടെലി വെറ്ററിനറി മൊബൈല്‍ യൂനിറ്റ്; പ്രവര്‍ത്തനം പരീക്ഷിച്ചു സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്
കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി മൊബൈല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം തില്ലേരിയിലെ സ്വകാര്യ ഫാമില്‍ പരീക്ഷിച്ചു.
രോഗം മൂലം വീണുപോകുന്ന വളര്‍ത്തുമൃഗങ്ങളെ ഉയര്‍ത്തുവാനുള്ള അനിമല്‍ ലിഫ്റ്റ് ഡിവൈസ്, അതത് സ്ഥലങ്ങളില്‍ തന്നെ സ്‌കാനിങ് നടത്താന്‍ സഹായകമായ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍, എല്ലൊടിവും മറ്റും കണ്ടെത്തുന്നതിനുള്ള നൂതന എക്‌റേ യന്ത്രം, കണ്ണിന്റെയും മൂക്കിന്റെയും അതിസൂക്ഷ്മ ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍, റഫ്രിജറേറ്ററും ലബോറട്ടറിയും സജ്ജീകരിച്ച ആംബുലന്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് യൂനിറ്റ്. റഫറല്‍ കേന്ദ്രവുമായി ആശയ വിനിമയത്തിനുള്ള സാങ്കേതിക സംവിധാനങ്ങളും യൂനിറ്റിലുണ്ട്. കേന്ദ്ര വിവര വിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള സിഡാക് എന്ന ഏജന്‍സിയാണ് യൂനിറ്റ് രൂപകല്‍പന ചെയ്തത്. അടിയന്തര സാഹര്യങ്ങളില്‍ മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ റഫറല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ യൂനിറ്റില്‍ ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കും.
നിലവില്‍ കൊല്ലം ജില്ലയിലെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള റഫറല്‍ മൃഗാശുപത്രിയായി പ്രവര്‍ത്തിക്കുന്നത് തേവള്ളിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രമാണ്. എന്നാല്‍ വിദഗ്ധ ചികിത്സക്കും സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കുമായി ദൂരെ സ്ഥലങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ ഇവിടെ എത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ടെലി വെറ്ററിനറി യൂനിറ്റ് ഈ പ്രതിസന്ധിക്ക് പരിഹാരമാകും. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണ് കൊല്ലത്തേത്. യൂനിറ്റിന് വേണ്ടിയുള്ള ഉദ്യോഗസ്ഥ വിന്യാസവും പൂര്‍ത്തിയായിട്ടുണ്ട്.
സിഡാക് പ്രോജക്ട് മാനേജര്‍ മോഹന്‍ കര്‍ത്ത, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ ഡോ സജയ്, ഡോ അജിത്ത് പിള്ള എന്നിവര്‍ യൂനിറ്റിന്റെ പരീക്ഷണ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."