ദേശീയപാതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ആരംഭിച്ചു
തിരൂരങ്ങാടി: ദേശീയപാതയിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തുന്ന പരിശോധന ആരംഭിച്ചു. കൂടുതല്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പരിശോധന ഇന്നു നടക്കും. ഇടിമുഴിക്കല്‍ മുതല്‍ യൂനിവേഴ്‌സിറ്റി വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് പരിശോധന.
ദേശീയപാതയില്‍ സ്ഥിരം അപകടമേഖലകളിലാണ് (ബ്ലാക്ക് സ്‌പോട്ട്) അടിയന്തിര നടപടികളെടുക്കുന്നത്. ദേശീയപാതയോരങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു നടപടിയെടുക്കും.
കാക്കഞ്ചേരിയില്‍ റോഡില്‍ വളവുള്ള ഭാഗം, തേഞ്ഞിപ്പലം പൊലിസ് സ്‌റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. ശബരിമല തീര്‍ഥാടനകാലം പരിഗണിച്ചു സീറോ ആക്‌സിഡന്റ് മേഖലയാക്കുന്നതിനു വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രത്യേക മുന്‍കരുതലുകള്‍ നടത്തും.
വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകളും റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും സ്ഥാപിക്കും.
വേഗനിയന്ത്രണം വരുത്തുന്നതിനായി ആവശ്യമായ സ്ഥലങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കും. തിരൂരങ്ങാടി തഹസില്‍ദാര്‍ ടി. ഗോപാലകൃഷ്ണന്‍, സി.ഐ കെ. ബാബുരാജ്, മോട്ടോര്‍ വാഹനവകുപ്പ് ദേശീയപാത എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ അബ്ദുല്‍ സുബൈര്‍, എ.എം.വി.ഐ മുഹമ്മദ് ഷഫീഖ്, ദേശീയപാത അസി.എന്‍ജിനിയര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."