വിദ്യാര്‍ഥികള്‍ ഭക്ഷണം ബഹിഷ്കരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണ വിതരണത്തിന്റെ മറവില്‍ വന്‍ തിരിമറിയെന്ന് ആരോപണം. ഒരുമാസമായി വിദ്യാര്‍ഥികള്‍ക്കു കോഴിക്കറിയും പഴവര്‍ഗങ്ങളും ലഭിച്ചിട്ട്. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണു നല്‍കുന്നതെന്ന് ആരോപിച്ച് ഇന്നലെ വിദ്യാര്‍ഥികള്‍ പ്രഭാതഭക്ഷണം ബഹിഷ്കരിച്ചു. രാവിലെ നല്കിയ പുട്ട് ഭക്ഷ്യയോഗ്യമായിരുന്നില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
190 വിദ്യാര്‍ഥികളാണു ഹോസ്റ്റലിലുള്ളത്. ഒരു വിദ്യാര്‍ഥിക്കു പ്രതിദിനം 150 രൂപയാണ് ഭക്ഷണത്തിനായി അനുവദിച്ചത്. നേരത്തെ ഇതു 120 രൂപയായിരുന്നു. അടുത്തകാലത്താണ് 30 രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍ തുക വര്‍ധിപ്പിച്ചതിന് ആനുപാതികമായ ഗുണമേന്മ ഭക്ഷണത്തിനില്ലെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ഹോസ്റ്റലില്‍ യോഗം വിളിച്ചുചേര്‍ത്ത് അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്. സംഭവം വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ അറിയിച്ചെങ്കിലും വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്ത് പ്രതിഷേധവുമായി രംഗത്തുവരാന്‍ മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."