വകുപ്പ് മേധാവികള്‍ പങ്കെടുത്തില്ല; വികസന സമിതിയിയെ വിമര്‍ശിച്ച് എം.എല്‍.എ
വടകര: താലൂക്ക് വികസന സമിതിയില്‍ വകുപ്പ് മേധാവികള്‍ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എം.എല്‍.എ സി.കെ നാണു. മേധാവികള്‍ക്കു പകരം ഏതെങ്കിലും ഉദ്യോഗസ്ഥനെ പങ്കെടുപ്പിക്കുന്ന നിലപാടിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
ജനപ്രതിനിധികളും സമിതി അംഗങ്ങളും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പല വകുപ്പുകളും ഇത് പരിഗണിക്കുന്നില്ല. മൊത്തം 34 വകുപ്പുകളുടെ മേധാവികള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ ചുരുക്കം പേരാണ് എത്തുന്നത്. ഇന്നലെ നടന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി, നാഷനല്‍ ഹൈവേ, സിവില്‍സപ്ലൈസ് തുടങ്ങിയ വകുപ്പുകളില്‍നിന്നും ആരും എത്തിയില്ല. ഇതോടെ റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച വഴിമുട്ടി. പല വകുപ്പുകളിലെയും ഉത്തരവാദിത്തപ്പെട്ടവരെ പിന്നീട് വിളിച്ചുവരുത്തുകയായിരുന്നു.
സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഇതേ കെട്ടിടത്തില്‍തന്നെയുള്ള ഓഫിസുകളില്‍ നിന്നുപോലും ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സര്‍ക്കാര്‍ തലത്തില്‍ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിട്ടും വടകര താലൂക്കില്‍ മാത്രം ഇതു ഫലപ്രദമായി നടപ്പിലായിട്ടില്ല. തകര്‍ന്ന മോന്താല്‍കടവ്-ഓര്‍ക്കാട്ടേരി റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. താലൂക്കിലെ മറ്റു റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്താന്‍ തീരുമാനമായതായി അധികൃതര്‍ അറിയിച്ചു. അളവു തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തതായും ഇത്തരം ക്രമക്കേടുകളില്‍ 1,32,000 രൂപ പിഴ ചുമത്തിയതായും ലീഗല്‍ മെട്രോളജി അധികൃതര്‍ പറഞ്ഞു.
താലൂക്കിലെ വയല്‍ നികത്തലിനെതിരേ കര്‍ശന നടപടി തുടങ്ങിയതായും റവന്യൂ അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.ടി ശ്രീധരന്‍, ടി.കെ രാജന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി ബിന്ദു, വികസനസമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ആര്‍. ഗോപാലന്‍, പി. സുരേഷ്ബാബു, ആവോലം രാധാകൃഷ്ണന്‍, അഡ്വ. ഇ.എം ബാലകൃഷ്ണന്‍, കളത്തില്‍ ബാബു, പി.എം അശോകന്‍, തഹസില്‍ദാര്‍ ടി.കെ സതീഷ്‌കുമാര്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."