വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി സ്കൂളിനു സമീപത്തെ ഇല്ലിക്കൂട്
നെട്ടൂര്‍: എസ്.വി.യു.പി സ്കൂളിന് സമിപത്തെ ഇല്ലിക്കൂട് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി മാറിയതായി പരാതി. സ്കൂളിന് സമീപം മൈതാനത്തോട് ചേര്‍ന്ന് നില്ക്കുന്ന ഇല്ലിക്കൂടാണ് ബുദ്ധിമുട്ടായിരിക്കുന്നത്. സ്കൂളിന്റേയും സ്വകാര്യ വ്യക്തിയുടേയും പറമ്പിലായാണ് ഇത് വളര്‍ന്ന് നില്‍ക്കുന്നത്. മുന്‍ കാലങ്ങളില്‍ ഇല്ലിക്കുട് വെട്ടി ഒതുക്കി നിര്‍ത്തുമായിരുന്നു. ഇതില്ലാതായതോടെയാണ് സ്കൂള്‍ കെട്ടിടത്തിനരികിലേക്കും മൈതാനത്തേക്കും ഇത് വ്യാപിച്ച് ബുദ്ധിമുട്ടായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സ്കൂള്‍ കെട്ടിടത്തിനും ഭിഷണിയുമായിട്ടുണ്ട്.
പതിനഞ്ച് സെന്റോളം വരുന്ന കളിസ്ഥലത്തിനരികിലായാണ് ഇല്ലിക്കൂട്. ഇതിനോട് ചേര്‍ന്ന് കാട്കയറി കിടക്കുന്ന ഭാഗത്ത് ഇഴജന്തുക്കളും, തെരുവുനായ്ക്കളും പെരുകിയിരിക്കുകയാണെന്നും ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നതായും സമീപവാസികള്‍ പറയുന്നു.
നെട്ടൂരിലേയും, മാടവനയിലേയും പുല്ലുവള്ളില്, വഞ്ചിപുരയ്ക്കല്‍, കിഴവന തറവാട്ടുകാര് ചേര്‍ന്ന് നൂറ് വര്‍ഷം മുമ്പ് ആരംഭിച്ചതാണ് ഈ സ്കൂള്‍. അന്‍പത് വര്‍ഷം മുമ്പ് ഇതിന്റെ നടത്തിപ്പ് സ്റ്റാഫ് മാനേജ്മെന്റിന് വിട്ടുനല്‍കുകയായിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ സ്റ്റാഫ് മാനേജ്മെന്റിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
നഗരസഭ ഇടപ്പെട്ട് അടിയന്തിരമായി സ്കൂള്‍ മൈതാനത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് കുട്ടികളുടേയും നാട്ടുകാരുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."