അടിയൊഴുക്ക് ശക്തം; പോരാട്ടം ഇഞ്ചോടിഞ്ച്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ അടിയൊഴുക്കുകള്‍ ശക്തം. അവസാനഘട്ട സര്‍വേകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് കാലിടറന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹിലരി അനായാസം നേടുമെന്ന് കരുതിയിരുന്ന സ്റ്റേറ്റുകളിള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നുവെന്നാണ് സര്‍വേ ഫലം.
ഹിലരി ക്ലിന്റന് എതിരേ ഉയര്‍ന്ന ഇ-മെയില്‍ വിവാദവും എഫ്.ബി.ഐ അന്വേഷണവുമാണ് അവര്‍ക്ക് വിനയായത്. ട്രംപിനെതിരേ ഉയര്‍ന്ന ലൈംഗിക അപവാദമെല്ലാം ജനങ്ങള്‍ മറന്നുതുടങ്ങിയെന്നതും ഇത് ഉയര്‍ത്തിക്കാട്ടാന്‍ ഹിലരി ക്യാംപിന് കഴിയുന്നില്ലെന്നുമാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്.
ഹിലരിക്ക് നേട്ടമുണ്ടാകുമെന്ന് കരുതിയിരുന്ന സ്റ്റേറ്റുകളില്‍ ട്രംപ് മുന്നേറ്റം തുടങ്ങിയതോടെ ഇവിടെ അന്തിമഘട്ട പ്രചാരണത്തിലാണ് ഹിലരി. ഇന്നലെ പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ പ്രകാരം 46 ശതമാനം പേരുടെ പിന്തുണയാണ് ഹിലരിക്കുള്ളത്. അവസാനം പുറത്തുവന്ന അഞ്ച് സര്‍വേകളില്‍ ഇരു സ്ഥാനാര്‍ഥികളുടേയും ലീഡ് മാറിമറഞ്ഞു. എന്നാല്‍ രണ്ടു ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. നേരത്തെ ട്രംപിനേക്കാള്‍ പത്തു പോയിന്റ് ഹിലരി ലീഡ് ചെയ്തിരുന്നു. ഇതോടെ പോരാട്ടം ഇഞ്ചോടിഞ്ച് എന്ന നിലയിലെത്തി.
നിഷ്പക്ഷ സംസ്ഥാനങ്ങള്‍ നിര്‍ണായകം
വാഷിങ്ടണ്‍: പോരാട്ടം ഇഞ്ചോടിഞ്ച് നിലയിലെത്തിയതോടെ ഇരു സ്ഥാനാര്‍ഥികള്‍ക്കും ഇനി നോട്ടം നിഷ്പക്ഷ വോട്ടുകളില്‍. ഇന്നലെ ഇത്തരത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ലീഡ് ഒരു പോയിന്റ് വ്യത്യാസത്തില്‍ മാറിമറിഞ്ഞത് പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി. മേല്‍ക്കൈ പ്രതീക്ഷിച്ച ഹിലരി ക്യാംപ് അവസാന മണിക്കൂറില്‍ ഇവിടെ വീണ്ടും പ്രചാരണത്തിന് ഇറങ്ങേണ്ടിവന്നു.
സ്വിംഗ് സ്റ്റേറ്റുകള്‍ എന്നാണ് നിഷ്പക്ഷ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ അറിയപ്പെടുന്നത്. ഹിലരിയും ട്രംപും നടന്മാരെയും കലാകാരന്മാരെയും കൂട്ടുപിടിച്ചാണ് ഇന്നലെ പ്രചാരണം നടത്തിയത്. തമിഴ്്‌നാട് മാതൃകയിലുള്ള പ്രചാരണമായിരുന്നു ഇന്നലത്തേത്. താരങ്ങളോടുള്ള സ്‌നേഹം വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. പരമ്പരാഗത കേന്ദ്രങ്ങളില്‍ നിന്ന് മാറി ഇത്തരം പ്രദേശങ്ങളിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. ഈ സ്റ്റേറ്റുകള്‍ ആരെ പിന്തുണയ്ക്കും എന്നതിനെ ആശ്രയിച്ചാകും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം. അതിനാല്‍ ഈ സംസ്ഥാനങ്ങളാണ് യു.എസ് തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്.
അഞ്ചു സംസ്ഥാനങ്ങളിലാണ് പ്രവചനാതീതമെങ്കിലും ആരോടും കൂറുപുലര്‍ത്താത്ത 12 സംസ്ഥാനങ്ങളെ ഇത്തവണ സ്വിംഗ് സ്റ്റേറ്റുകളായി കണക്കാക്കിയിട്ടുണ്ട്. ഫ്‌ളോറിഡ, ഒഹിയോ, പെന്‍സില്‍വാനിയ എന്നിവയാണ് രൂക്ഷപോരാട്ടം നടക്കുന്ന സ്റ്റേറ്റുകള്‍. ഇവ കൂടാതെ വിസ്‌കന്‍സിന്‍, ന്യൂ ഹാംപ്‌ഷെയര്‍, മിനിസോട്ട, അയോവ, മിഷിഗണ്‍, നവാഡ, കൊളറാഡോ, നോര്‍ത്ത് കരോലിന എന്നിവയും ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമല്ല.
ബുഷും അല്‍ഗോറും ഇഞ്ചോടിഞ്ച് പോരാടിയ 2000ത്തിലെ തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയിലെ ജയമാണ് ബുഷിനെ വൈറ്റ് ഹൗസിലെത്തിച്ചത്. അയോവയിലും പെന്‍സില്‍വാനിയയിലും നേടിയ വിജയമാണ് കഴിഞ്ഞ രണ്ട് തവണയും ഒബാമയെ തുണച്ചത്. ഹിലരി ക്ലിന്റനേക്കാള്‍ ട്രംപിനാണ് സ്വിംഗ്‌സ്‌റ്റേറ്റുകളില്‍ വലിയ വിജയം അനിവാര്യമായിരിക്കുന്നത്. 12 സ്വിംഗ് സ്‌റ്റേറ്റുകള്‍ ഒഴികെയുള്ള 38 സ്‌റ്റേറ്റുകളില്‍ നിലവിലെ കണക്ക് പ്രകാരം ഹിലരിക്ക് 226 ഇലക്ട്രേറ്റ്‌സിനെ നേടാനാകുമെന്നാണ് പ്രതീക്ഷ.
സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് 154 പേരുടെ പിന്തുണയേ നിലവിലുള്ളൂ. ഇവിടങ്ങളില്‍ 43 ഇലക്ട്രേറ്റ് വോട്ടുകള്‍ ലഭിച്ചാല്‍ ഹിലരിക്ക് വൈറ്റ്ഹൗസിലെത്താനാകും. എന്നാല്‍ ട്രംപിന് 116 വോട്ടുകള്‍ നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."