കേരളപ്പിറവി: ഗവര്‍ണറെ ക്ഷണിക്കാതിരുന്നതില്‍ സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന 'വജ്രകേരളം' പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഗവര്‍ണര്‍ പി.സദാശിവത്തിനു കത്തയച്ചു. ഗവര്‍ണറെ മനപൂര്‍വം ഒഴിവാക്കിയിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും സ്പീക്കര്‍ കത്തില്‍ പറയുന്നു.
ക്ഷണിക്കാത്തതില്‍ അതൃപ്തിയുള്ളതായി മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഒരുവര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്. പ്രധാന ചടങ്ങില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചത്. ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയും സമാപനത്തിന് ഗവര്ണറേയുമാണ് തീരുമാനിച്ചിരുന്നതെന്നും കത്തില്‍ പറയുന്നു. പരിപാടിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 60 പേരില്‍ കൂടുതല്‍ ഉണ്ടാവരുതെന്നാണ് പ്രോട്ടോക്കോള്‍. ഈ പരിപാടിയില്‍ അറുപതിലേറെപ്പേര്‍ ഉണ്ടായിരുന്നതിനാല്‍ ഗവര്‍ണറെ ക്ഷണിച്ചാല്‍ അത് പ്രോട്ടോക്കോള്‍ ലംഘനമാകുമെന്ന കാരണത്താലാണു ക്ഷണിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രി നല്കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."