കോംട്രസ്റ്റ് പ്രശ്‌നം ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കും: കാനം രാജേന്ദ്രന്‍
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ വര്‍ഷങ്ങളായുള്ള സമരം അവസാനിപ്പിക്കാന്‍ കോടതിവിധി ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോംട്രസ്റ്റ് സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോംട്രസ്റ്റ് ഫാക്ടറി സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ അന്തിമവിജയം തൊഴിലാളികള്‍ക്കായിരിക്കും. തൊഴിലാളികള്‍ക്ക് അനുകൂലമായി നടപടികള്‍ സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്. തൊഴിലാളികള്‍ക്കു സമാശ്വാസമായി നല്‍കിയിരുന്ന 5000 രൂപയുടെ പ്രതിമാസ ധനസഹായം പോലും നിര്‍ത്തുകയാണുണ്ടായത്. അതു പുനഃസ്ഥാപിക്കാന്‍ നടപടികള്‍ ഉണ്ടാകണം. ഈ വിഷയങ്ങള്‍ അടുത്ത ഇടതുമുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്ലിന്റെ സ്ഥിതിയെന്താണെന്ന് ആര്‍ക്കും അറിയില്ല. കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തേക്കും ഇവിടെ നിന്നു കേന്ദ്രത്തിലേക്കും കടലാസുകള്‍ അയക്കുന്നുണ്ടെങ്കലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുന്നില്ല. ആരുടെയൊക്കെയോ ഇടപെടല്‍ ഇതിനു പിന്നില്‍ ഉണ്ടെന്നാണ് സംശയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമാഫിയകളും ഭൂമി തട്ടിപ്പുകാരും കോംട്രസ്റ്റിനു ചുറ്റും വട്ടമിട്ടിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും കാനം അഭിപ്രായപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനനര്‍ ഇ.സി സതീശന്‍, പി. ശിവപ്രകാശ് എന്നിവരോട് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."