ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പൊള്ളലേറ്റു
കൊല്ലം: പുത്തൂരില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് മുഖത്തും അരയ്ക്കു താഴെയും ഗുരുതര പൊള്ളലേറ്റു. ആനക്കോട്ടൂര്‍ രേവതി ഭവനില്‍ രതീദേവിയ്ക്കാണ് പൊള്ളലേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു കണ്ണിന്റെ കാഴ്ച മിക്കവാറും നഷ്ടപ്പെട്ടതായും അരയ്ക്കു താഴെ ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് ശേഖരപിള്ള (ബലൂണ്‍ കണ്ണന്‍-43) പൊലിസ് പിടിയിലായതായി സൂചനയുണ്ട്. ഭാര്യയെ സംശയമായതിനാലാണ് ശേഖരന്‍പിള്ള ആക്രമിച്ചതെന്നാണ് കരുതുന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിട്ട ശേഖരപിള്ള അവരെ മര്‍ദിച്ചു നിലത്തിട്ട ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
വസ്ത്രം വലിച്ചു കീറി അരയ്ക്കു താഴേക്കും ആസിഡ് ഒഴിച്ചു. പൊള്ളലേറ്റു പുളഞ്ഞ രതീദേവി വെള്ളം ആവശ്യപ്പെട്ടപ്പോള്‍ തിളച്ച വെള്ളം വായിലും അരയ്ക്ക് താഴേക്കും ഒഴിച്ചതായും പൊലിസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അലറിക്കരഞ്ഞ് പുറത്തേക്കോടിയ രതീദേവി അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു. വിവരമറിഞ്ഞു കൊട്ടാരക്കര പള്ളിക്കലില്‍ നിന്ന് ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിനിടയില്‍ ആസിഡ് തെറിച്ചു വീണു ശേഖരപിള്ളയുടെ മുഖവും പൊള്ളി. ജില്ലാ ആശുപത്രിയിലെത്തി ചികില്‍സ നേടിയ ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഉത്സവപ്പറമ്പുകളില്‍ ബലൂണ്‍ വില്‍പനക്കാരനായ ശേഖരപിള്ള കുറേ നാളുകളായി ഭാര്യയുമായി അകന്നു താമസിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് വീണ്ടും തിരികെയെത്തിയത്. പ്രശ്‌നങ്ങളുണ്ടാക്കാതെ താമസിക്കാമെന്ന കരാറില്‍ ഒരുമിച്ചു താമസിച്ചെങ്കിലും പൊരുത്തപ്പെടാനാവാത്തതിനാല്‍ രതീദേവി പള്ളിക്കലുള്ള സഹോദരിയുടെ വീട്ടിലേക്കു താമസം മാറിയിരുന്നു. ഇവരുടെ രണ്ടു പെണ്‍മക്കളും ഇവിടെയാണ് താമസം. നാട്ടുകാര്‍ ഇടപെട്ടു രണ്ടു ദിവസം മുന്‍പാണു രതീദേവി തിരികെ ആനക്കോട്ടൂരിലെത്തിയത്. റബറിന് ഉറയൊഴിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്നു. തീവ്രശേഷിയുള്ള മറ്റേതെങ്കിലും ആസിഡ് പ്രതി വാങ്ങി സൂക്ഷിച്ചിരുന്നുവോ എന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."