എഴുത്ത് ലോട്ടറി തട്ടിപ്പ്: നാലംഗസംഘം അറസ്റ്റില്‍
പേരൂര്‍ക്കട: എഴുത്ത് ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് നാലംഗസംഘം ഷാഡോ ടീമിന്റെ പിടിയിലായി.
മണക്കാട് സ്വദേശി നവാസ് (47), പൂന്തുറ സ്വദേശി അബ്ദുല്‍ റഹ് മാാന്‍ (59), അമ്പലത്തറ സ്വദേശി മാഹീന് (42), പഴവങ്ങാടി മഞ്ചു ലോട്ടറി ഏജന്‍സി തൊഴിലാളി കുടപ്പനക്കുന്ന് സ്വദേശി ഹരീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തട്ടിപ്പിനെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: കേരളസംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ലോട്ടറിയുടെ അവസാന 3 അക്കങ്ങളിലാണ് ഭാഗ്യ പരീക്ഷണം. ലോട്ടറി ടിക്കറ്റെടുക്കാനെത്തുന്നവരെക്കൊണ്ട് ഇവര്‍ ഭാഗ്യപരീക്ഷണം നടത്തിക്കും. ടിക്കറ്റ് എടുക്കാതെ തന്നെ പരീക്ഷണം നടത്താം. ഏതെങ്കിലും മൂന്നക്കം എഴുതിക്കും. ഒരെഴുത്തിന് 10 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ഭാഗ്യക്കുറിയുടെ ഫലം വരുമ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റിന്റെ മൂന്നക്കവും എഴുതിയ മൂന്നക്കവും ഒന്നാണെങ്കില് സമ്മാനം നല്‍കും. ഇപ്രകാരം 2, 3 സ്ഥാനക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും. ഇപ്രകാരം 10 രൂപയുടെ സമ്മാനം വരെ ഭാഗ്യപരീക്ഷണത്തിലൂടെ നേടാനാകും.
കേരളസംസ്ഥാന ഭാഗ്യക്കുറിയില്‍ ഒന്നാംസമ്മാനാര്ഹമാകുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്കം ഭാഗ്യപരീക്ഷത്തിലൂടെ എഴുതി നേടുന്നയാള്‍ക്ക് 5,000 രൂപ ലഭിക്കും. രണ്ടാംസമ്മാനം 500 രൂപയാണ്. മൂന്നാംസമ്മാനമായി 250 രൂപ ലഭിക്കും.
ഇപ്രകാരം എഴുത്തുലോട്ടറി നടത്തുന്നതിലൂടെ ലോട്ടറിയുടെ പ്രധാന ഏജന്റിന് ലക്ഷങ്ങളാണ് ലഭിക്കുന്നത്. എഴുത്തുലോട്ടറിയില്‍ ഭാഗ്യപരീക്ഷണം നടത്തുന്നവരുടെ ലിസ്റ്റും സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ വിവരങ്ങളും പ്രധാന ഏജന്റിന്റെ പക്കല്‍ ഇടനിലക്കാര്‍ എത്തിച്ചുകൊടുക്കും. സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടമാകുമ്പോള്‍ ഏജന്‍സികള്‍ക്കു ലക്ഷങ്ങളുടെ ലാഭം നേടാനാകും. കണ്‍ട്രോള്‍റൂം എ.സി സുരേഷ്കുമാര്‍, ഫോര്‍ട്ട് എസ്.ഐ ഷാജിമോന്‍, എസ്.ഐ വിജയകുമാര്‍ എന്നിവരാണ് ഷാഡോ ടീമിലെ അംഗങ്ങള്‍ക്കൊപ്പം അറസ്റ്റിനു നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."