മാന്നാറില്‍ ട്രഷറിക്ക് അനുവദിച്ച സ്ഥലം തിരിച്ചെടുക്കാന്‍ നീക്കം
മാന്നാര്‍: മാന്നാര്‍ പഞ്ചായത്ത് ട്രഷറിക്ക് അനുവദിച്ച സ്ഥലം തിരിച്ചെടുക്കാന്‍ ആലോചന. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകാംഗ ട്രഷറിയായി ആരംഭിച്ച് പിന്നീട് സബ് ട്രഷറിയായി ഉയര്‍ത്തിയെങ്കിലും സ്വന്തമായി സ്ഥലമില്ലാതെ വാടക കെട്ടിടത്തിലാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്. സ്ഥലം കണ്ടെത്താന്‍ ധനകാര്യ വകുപ്പ് പഞ്ചായത്തിനോട് ആവശ്യപ്പെട്ട പ്രകാരമാണ് സ്റ്റോര്‍ ജംഗ്ഷനിലെ ബസ്സ്റ്റാന്റിന് പിന്നിലുള്ള പഞ്ചായത്ത് വക എട്ട് സെന്റ് സ്ഥലം ട്രഷറിക്കായി വിട്ട് നല്‍കിയത്. എന്നാല്‍ വര്‍ഷം രണ്ടര കഴിഞ്ഞിട്ടും ഇവിടെ ഒരു നടപടിയും നടത്തിയില്ല. ഇന്ന് സ്ഥലം കാട് കയറി സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കിയിരിക്കുകയാണ്. ധനകാര്യ വകുപ്പിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങിയത് കാരണമാണ് മാന്നാര്‍ സബ് ട്രഷറിയുടെ നിര്‍മ്മാണം ആരംഭിക്കാത്തതെന്നാണ് സൂചന. രണ്ട് വര്‍ഷം മുന്‍പ് സംസ്ഥാന വകുപ്പില്‍ പ്രഖ്യാപിച്ച ട്രഷറിയുടെ നിര്‍മ്മാണത്തിന് ആദ്യഘട്ടമായി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിനുള്ള പണം തികയില്ലെന്ന് വന്നപ്പോള്‍ മുന്‍ എം.എല്‍.എ പി.സി.വിഷ്ണുനാഥിന്റെ ശ്രമഫലമായി അടുത്ത ബജറ്റില്‍ കെട്ടിട നിര്‍മ്മാണ തുക രണ്ടര കോടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും നിര്‍മ്മാണം തുടങ്ങാന്‍ ധനകാര്യ വകുപ്പ് അധിക്യതര്‍ തയ്യാറായില്ല. ഈ വിവരം പുറത്തായതോടെയാണ് നിലവിലുള്ള പഞ്ചായത്ത് കമ്മിറ്റി സ്ഥലം തിരികെയെടുക്കാന്‍ പദ്ധതിയിട്ടത്.
കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കണം: വി ദിനകരന്‍
ആലപ്പുഴ: ജില്ലയില്‍ ഗലീലിയോ കടപ്പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അപ്രതീക്ഷിത കടല്‍ക്ഷോഭം സംഭവിച്ച ഇടങ്ങളില്‍ മത്സ്യബന്ധനോപാദികള്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍ എക്‌സ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2016 ഓഗസ്റ്റില്‍ പുന്നപ്രയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കടല്‍ക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് ഇനിയും ധനസഹായം നല്‍കിയിട്ടില്ല.
ഇത്തരത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സ്‌പെഷ്യല്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോസ്റ്റല്‍ ഗ്രീന്‍ കോറിഡോര്‍ പദ്ധതി പ്രാബല്യത്തിലെത്തുമ്പോള്‍ തീരദേശത്ത് താമസിക്കുന്നവരെ വെവ്വേറെ വീടുകള്‍ നിര്‍മ്മിച്ച് മാറ്റിപ്പാര്‍പ്പിക്കണം. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതിയംഗം ബാബു ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."