ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കൊണ്ടോട്ടി നഗരസഭ
കൊണ്ടോട്ടി: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഒരു വര്‍ഷത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെയും മാറ്റുന്നതിന് കാലതാമസം ആവശ്യപ്പെട്ട് സെന്റര്‍ ഭാരവാഹികളും നഗരസഭക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു യോഗം വിഷയം ചര്‍ച്ച ചെയ്തത്. ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാറിന്റെ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് 31നാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കത്തയച്ചത്.
തദ്ദേശസ്വയം ഭരണസ്ഥാപനത്തിന് കൈമാറി കിട്ടിയ സ്ഥാപനത്തില്‍ പൊതുഫണ്ട് വിനിയോഗിച്ച് വാങ്ങിയ ആസ്തി ഇത്തരം സൊസൈറ്റിക്ക് ഏല്‍പ്പിക്കുന്നതിന് വ്യവസ്ഥയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡയറക്ടര്‍ കത്ത് അയച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഡയാലിസിസ് സെന്റര്‍ ഭാരവാഹികളുടെയും നഗരസഭാ ചെയര്‍മാന്‍, വിവിധ കക്ഷിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെയും യോഗം ചേര്‍ന്നിരുന്നു. ഇതില്‍ രണ്ട് വര്‍ഷത്തിനകം സെന്റര്‍ മാറ്റാനായിരുന്നു തീരുമാനം.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ തീരുമാനപ്രകാരം ഒരു വര്‍ഷത്തിനകം ഡയാലിസിസ് സെന്റര്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്നാണ് നിര്‍ദേശം. ആശുപത്രിയില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഡയാലിസിസ് മെഷീനുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇവിടെ നിലനിര്‍ത്തണം. അല്ലാത്തവ സൊസൈറ്റിക്ക് കൊണ്ടുപോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."