സ്ഥാനാര്‍ഥികളുടെ ഇന്നലെ
വി.കെ പ്രദീപ്
കണ്ണൂര്‍: രണ്ടു മാസക്കാലത്തെ നിര്‍ത്താത്ത ഓട്ടത്തിനു വിരാമം. വോട്ടെടുപ്പു കഴിഞ്ഞുള്ള ദിവസമായി ഇന്നലെ ഒന്നു നടു നിവര്‍ത്താനുള്ള ദിവസമായിരുന്നു സ്ഥാനാര്‍ഥികള്‍ക്ക്. വോട്ടര്‍മാരെ കാണലും പ്രചാരണവും പര്യടനവുമൊക്കെയായി ഓടിത്തളര്‍ന്ന സ്ഥാനാര്‍ഥികളുടെ ഇന്നലത്തെ ദിനം എങ്ങനെയെന്ന് നോക്കാം...
നികേഷ് മുടിമുറിച്ചു; ഷാജി തൃശൂരില്‍
അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി ഇന്നലെ ഉച്ചവരെ അലവിലിലെ വീട്ടിലായിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമായും യു.ഡി.എഫ് നേതാക്കളുമായും തെരഞ്ഞെടുപ്പ് അവലോകനം നടത്തി. കുറഞ്ഞത് 3000 വോട്ടിന് വിജയിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷാജി പറഞ്ഞു. ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റുമായ പി.എം സാദിഖലിയുടെ തൃശൂരിലെ വീട്ടിലേക്ക് ഉച്ചയ്ക്കു ശേഷം ഷാജി തിരിച്ചു. സാദിഖലിയുടെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ പോകാനായിരുന്നില്ല. ഇന്ന് തിരിച്ചെത്തും.
പ്രചാരണത്തിനിടയില്‍ മുടി മുറിക്കാന്‍ പോലും സമയമില്ലായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ഥി നികേഷ് കുമാറിന്. ഇന്നലെ ആദ്യം ചെയ്തത് കണ്ണൂരിലെത്തി മുടിമുറിക്കുകയാണ്. അതിനുശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തി. വിജയ പ്രതീക്ഷ സ്ഥാനാര്‍ഥി മറച്ചുവച്ചില്ല.
പിണറായിയും മമ്പറവും മരണവീടുകളില്‍
കണ്ണൂര്‍: ധര്‍മ്മടത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി പിണറായി വിജയന് ഇന്നലെ ഉച്ചവരെ വീട്ടില്‍ വിശ്രമമായിരുന്നു. രണ്ടുമാസക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണമുണ്ടെങ്കിലും അതിരാവിലെ തന്നെ പിണറായിയിലെ വീട്ടിലെത്തിയ പ്രാദേശിക നേതൃത്വത്തോട് വോട്ടുവിഷയം സംസാരിച്ചു. സംസ്ഥാനത്തെ ഇടതുമുന്നണി നേതാക്കളുമായി ഫോണില്‍ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്തു. ഉച്ചകഴിഞ്ഞ് ചേരിക്കലില്‍ എതിര്‍ സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ബന്ധു മരണപ്പെട്ട വിവരമറിഞ്ഞ് അങ്ങോട്ടുപോയി. മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച് അവിടെനിന്നു തിരിച്ച് വീട്ടിലേക്ക്. പിന്നെയും രണ്ട് മരണ വീടുകള്‍ സന്ദര്‍ശിച്ച് പിണറായിയിലെ വീട്ടില്‍ തിരിച്ചെത്തി. വോട്ടെണ്ണല്‍ കഴിഞ്ഞുമാത്രമേ പിണറായി തിരുവനനന്തപുരത്തേക്ക് പോകുന്നുള്ളു.
ബന്ധുവിന്റെ ചേരിക്കലിലെ മരണവീട്ടിലായിരുന്നു ഇന്നലെ മമ്പറത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍. മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനും മറ്റുമായുള്ള തിരക്കിട്ട പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം.
ടി.വി രാജേഷ്
ക്ഷേത്രത്തില്‍
കല്ല്യാശേരിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ടി.വി രാജേഷ് വീടിനു സമീപത്തെ മരണവീട്ടിലായിരുന്നു ഇന്നലെ. ചടങ്ങുകള്‍ കഴിയാന്‍ വൈകിയതിനാല്‍ മണ്ഡലം കമ്മിറ്റി യോഗത്തിലും പങ്കെടുക്കാനായില്ല. ഉച്ചയ്ക്ക് അറക്കല്‍ ഭദ്രാപുരം ക്ഷേത്രത്തിലെത്തി ഉത്സവത്തിനെത്തിയ ഭക്തരോടൊപ്പം ഭക്ഷണം കഴിച്ചു. പിന്നെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വീട്ടിലെത്തിയ ശേഷം വീട്ടിലെത്തി വിശ്രമിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അമൃതാ രാമകൃഷ്ണന്‍ ഇന്നലെ കല്ല്യാശേരിയില്‍ അക്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് അവലോകനം നടത്തിയശേഷം വീട്ടിലെത്തി വിശ്രമിച്ചു.
കള്ളവോട്ടു തേടി അബ്ദുല്ലക്കുട്ടി
തലശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്ലക്കുട്ടി ഇന്നലെ തലശേരിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്ന് പുറത്തിറങ്ങിയില്ല. മണ്ഡലത്തില്‍ ഇടതുമുന്നണി ചെയ്ത കള്ളവോട്ടുകളുടെ വിവരം ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് ലിസ്റ്റുണ്ടാക്കലായിരുന്നു പ്രധാന ജോലി. വിജയിക്കുമെന്നാണ് ഉറച്ച പ്രതീക്ഷ. മറിച്ച് സംഭവിക്കുന്നെങ്കില്‍ അത് നേരിയവോട്ടിനാവും. അപ്പോള്‍ ഈ ചെയ്ത കള്ളവോട്ടു ലിസ്റ്റുമായി കോടതിയില്‍ പോകും. ഇന്നലെ അബ്ദുല്ലക്കുട്ടി മണ്ഡലത്തിലെ മുഴുവന്‍ ബൂത്തു ഏജന്റുമാരെയും കണ്ടു.
ഇടതുമുന്നണി സ്ഥാനാര്‍ഥി എ.എന്‍ ശംസീര്‍ ഇന്നലെ മണ്ഡലത്തിലെ മരണവീടുകളിലായിരുന്നു. മാടപീടികയില്‍ ബന്ധുവീട്ടിലെത്തി മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് നേരെ വീട്ടിലേക്ക്. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി. അഴിയൂരിലെ ഒരു മരണവീടും സന്ദര്‍ശിച്ചു. വൈകുന്നേരം തലശേരിയിലെ പാര്‍ട്ടി ഓഫിസിലെത്തി നേതാക്കളുമായി തെരഞ്ഞെടുപ്പ് അവലോകനം നടത്തി.
വീട്ടില്‍ പോകാതെ സാജിദ്
പയ്യന്നൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സി.കൃഷ്ണനും യു.ഡി.എഫ് സ്ഥാനാര്‍ഥി സാജിദ് മൗവ്വലും ഇന്നലെ മണ്ഡലത്തിലെ മരണവീടുകളിലും കല്ല്യാണ വീടുകളിലും കയറിയിറങ്ങി. കാഞ്ഞങ്ങാടെ വീട്ടില്‍ തെരഞ്ഞെടുപ്പും കഴിഞ്ഞിട്ടും സാജിദ് പോയിട്ടില്ല. വോട്ടെണ്ണല്‍ കഴിഞ്ഞശേഷം മാത്രമേ സാജിദ് വീട്ടിലേക്ക് പോകുന്നുള്ളു. ഇന്നലത്തെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ സി കൃഷ്ണന്‍ പങ്കെടുത്തു.
ഇ.പി ജയരാജനും പ്രശാന്തും ആശുപത്രിയില്‍
മട്ടന്നൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഇ.പി ജയരാജന്‍ തെരഞ്ഞെടുപ്പിനിടെ ശിവപുരത്ത് അക്രമത്തിനിരയായി എ.കെ.ജി ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ചപ്പോള്‍ വലതുമുന്നണി സ്ഥാനാര്‍ഥി പി പ്രശാന്ത് ശിവപുരത്ത് അക്രമത്തിനിരയായി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. ഇരുവരും പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ഇടതുമുന്നണി മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ഇ.പി ജയരാജന്‍ വൈകുന്നേരം കെ.കെ ശൈലജയുടെ വീടും കാരായി രാജന്റെയും വീടുകള്‍ സന്ദര്‍ശിച്ചു.
ശൈലജക്ക്
മകന്റെ കല്യാണം
തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കായതിനാല്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ ശൈലജക്ക് മകന്റെ കല്ല്യാണകാര്യത്തെ കുറിച്ച് ആലോചിക്കാനേ നേരം കിട്ടിയിരുന്നില്ല. കെ.കെ ശൈലജയുടെ മകന്‍ ലസിത്തിന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കാരായി രാജന്റ മകളുമായുള്ള വിവാഹം ഇന്ന് നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് തിങ്കളാഴ്ച്ച അവസാനിച്ചതോടെ ശൈലജ ടീച്ചര്‍ വീട്ടമ്മയായി. വീട്ടിലെ ഒരുക്കങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. നേരിട്ടുവിളിക്കേണ്ടവരെ ഇന്നലെ നേരില്‍ ചെന്ന് തന്നെ വിളിച്ചു. വീട്ടിലും നാട്ടിലുമായി ഓടിനടന്ന ശൈലജ ടീച്ചര്‍ക്ക് ഇന്നലെ തെരഞ്ഞെടുപ്പ് വിഷയമേയായില്ല.
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി മോഹനന്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് തലശേരി ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ജനതാദള്‍ പ്രവര്‍ത്തകരെ കാണാന്‍ രാവിലെ പോയി. തുടര്‍ന്ന് വീട്ടിലെത്തിയ നേതാക്കളുമായി തെരഞ്ഞെടുപ്പ് അവലോകനം നടത്തി. 5000ത്തിനടുത്ത് ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു.
പാച്ചേനി ജയിലില്‍
കണ്ണൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ പയ്യന്നൂരിലെയും കണ്ണൂരിലെയും മരണവീടുകള്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി തെരഞ്ഞെടുപ്പ് അവലോകനവും നടത്തി. ഇന്നലെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി 7000 വോട്ടുകള്‍ക്ക് മേല്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രതീക്ഷ മറച്ചുവച്ചില്ല. പിന്നീട് സെന്‍ട്രല്‍ ജയിലില്‍ അക്രമകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്റിലായ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ കേന്ദ്രങ്ങളിലെ ബൂത്ത് ഏജന്റുമാരെ സന്ദര്‍ശിച്ചു.
സണ്ണി ജോസഫിനും
ബിനോയ് കുര്യനും വിശ്രമം
പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിനും ഇടതുമുന്നണി സ്ഥാനാര്‍ഥി ബിനോയ് കുര്യനും ഇന്നലെ വിശ്രമ ദിവസമായിരുന്നു. രണ്ട് മരണ വീടുകളില്‍ പോയി വന്ന ഇരുവരും വീടുകളില്‍ വിശ്രമിച്ചു. ഇടക്കിടെയെത്തിയ നേതാക്കളുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തിലും ബിനോയ് കുര്യന്‍ പങ്കെടുത്തു.
തളിപ്പറമ്പില്‍ അവലോകനം
തളിപ്പറമ്പിലെ ഇടതുമുന്നണി ജെയിംസ് മാത്യുവും യു.ഡി.എഫ് സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാരും ഇന്നലെ തിരക്കുകളില്‍ വിട്ടു നിന്ന് പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ് അവലോകനത്തിലായിരുന്നു.
ഇരിക്കൂറിലെ സ്ഥാനാര്‍ഥികള്‍ വിശ്രമ മൂഡില്‍
ഇരിക്കൂറിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി ജോസഫും ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ടി ജോസും ഇന്നലെ വിശ്രമത്തിലായിരുന്നു. രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി കെ.സി ജോസഫ് പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തി. ഇവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി അല്‍പ്പനേരം സംസാരിച്ചു. പിന്നീട് അദ്ദേഹം ഗസ്റ്റ് ഹൗസില്‍ വന്നുകൊണ്ടിരുന്ന നേതാതക്കളുമായി സംസാരിച്ചു.
ചേപ്പറമ്പില്‍ മരണപ്പെട്ട സി.പി.എം നേതാവ് കെ.വി സുരേഷിന്റെ വീട് സന്ദര്‍ശിച്ച കെ.ടി ജോസ് കണ്ണൂരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. രണ്ടുമാസമായി സന്ദര്‍ശിക്കാത്ത ജില്ലാ കമ്മിറ്റി ഓഫിസിലെത്തി വിശ്രമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."