വണ്ടൂര്‍ ഉപജില്ലാ കായിക മേളയ്ക്ക് ഇന്ന് തുടക്കം
വണ്ടൂര്‍: നാല് ദിവസങ്ങളിലായ് നടക്കുന്ന വണ്ടൂര്‍ ഉപജില്ലാ കായിക മേളക്ക് ഇന്ന് വി.എം.സി സ്‌കൂള്‍ മൈതാനത്ത് തുടക്കമാവും. മേളയുടെ ഉദ്ഘാടനം രാവിലെ 9 മണിക്ക് ഐ.എസ്.എല്‍ റഫറി വി.പി.എ നാസര്‍ നിര്‍വഹിക്കും. ഉപജില്ലയിലെ 80 സ്‌കൂളുകളില്‍ നിന്നുള്ള ആറായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും.മേളക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേളയുടെ വിജയത്തിനായി അധ്യാപക സംഘടനകള്‍, എന്‍.എസ്.എസ്, എസ്.പി.സി, വിവിധ ക്ലബ്ബുകള്‍ എന്നിവരെ ഉള്‍പെടുത്തി വിവിധ സബ്കമ്മറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വിധി നിര്‍ണയത്തിലും സംഘാടനത്തിലുമെല്ലാം കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടത്തിയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ അധ്യാപക സംഘടനകളുടെ സഹകരണത്തോടെ ഇത്തവണ മുഴുവന്‍ ദിവസങ്ങളിലും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.നരേന്ദ്രന്‍, പി.ദേവദാസ്, ഡി.റ്റി മുജീബ്, പി.സുബ്ബരാജ്, കെ.സി രഞ്ജിത്, വി.ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."