കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു; മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു
തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വലിയതുറ, ബീമാപള്ളി തീരപ്രദേശങ്ങളില്‍ 110 ഓളം വാടുകള്‍ ഭാഗീകമായി തകര്‍ന്നു. ശാശ്വതപരിഹാരം തേടി മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു.
രണ്ട് ദിവസമായി തുടരുന്ന മഴയിലാണ് തീരപ്രദേശത്തെ വീടുകളില്‍ വെള്ളം കയറി ഇവ ഭാഗീകമായി തകര്‍ന്നത്. തീരമാലകള്‍ ശക്തിയില്‍ തീരത്തേക്ക് അടിച്ചുകയറിയതോടെ കരയില്‍ സൂക്ഷിച്ചിരുന്ന നിരവധി വലകളും വള്ളങ്ങളും തകര്‍ന്നു. കൂടാതെ ശക്തമായ തിരയില്‍ കടപുറത്തുണ്ടായിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേടുപാടുകള്‍ പറ്റിയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലാക്രമണം ഭയന്ന് പലരും സമീപത്തെ ബന്ധുവീടുകളില്‍ അഭയംപ്രാപിച്ചിരിക്കുകയാണ്.
കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വലിയതുറ, ബീമാപള്ളി എന്നിവടങ്ങില്‍ നാട്ടുകാര്‍ സംഘടിതമായി റോഡ് ഉപോധിച്ചു. വലിയതുറയില്‍ രാവിലെയോടെ മത്സ്യത്തൊഴിലാളി സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കട്ടവള്ളങ്ങളും ഇലക്ട്രിക് പോസ്റ്റുകളും റോഡിന് കുറുകെയിട്ട് മാര്‍ഗ തടസം സൃഷ്ടിച്ചു. ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒടുവില്‍ വൈകിട്ടോടെ കലക്ടറുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധ സമരം അവസാനിച്ചു. രാവിലെ എട്ടിന് ആരംഭിച്ച റോഡ് ഉപരോധം ഉച്ചക്കാണ് അവസാനിച്ചത്. മണിക്കൂറോളം നടന്ന സമരത്തില്‍ വാഹനഗതാഗതം മണിക്കൂറോളം തടസപ്പെട്ടു.
ഇതിന് പുറമെ ബീമാപള്ളിക്ക് സമീപത്തെ തീരപ്രദേശത്തുള്ള പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു. കടല്‍ക്ഷോഭം തടയാന്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബീമാപള്ളിയില്‍ നാട്ടുകാര്‍ റോഡു തടഞ്ഞത്. വി.എസ്.ശിവകുമാര്‍ സ്ഥലം സന്ദര്‍ശിക്കാനിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവസാന നിമിഷം ഇത് റദ്ദാക്കുകയായിരുന്നു. വീട് നഷ്ടപ്പെട്ടവരെ ബീമാപള്ളി ബീമാമാഹീന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വലിയതുറ എല്‍.പി സ്‌കൂള്‍, വലിയതുറ യു.പി.സ്‌കൂള്‍, വലിയതുറ ഫിഷറീസ് സ്‌കൂള്‍ എന്നിവടങ്ങില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആന്റണി രാജു, ബിജു രമേശ് തുടങ്ങി നിരവധി പേര്‍ കടലാക്രമണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."