വടകരയില്‍ വാഷ്‌ബേസിന്‍ പൊട്ടിത്തകര്‍ന്നു
വടകര: വാഷ്‌ബേസിനുകള്‍ പൊട്ടിത്തകരുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞദിവസം വടകര ചെക്കോട്ടി ബസാറിലെ പുത്തൂര്‍ പ്രദീപന്റെ വീട്ടിലെ വാഷ്‌ബേസിനാണ് ഉഗ്രശബ്ദത്തോടെ തകര്‍ന്നത്. ഗ്ലാസില്‍ തീര്‍ത്ത വാഷ്‌ബേസിന്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടമൊഴിവായി. പ്രദീപനും ഭാര്യയും പുറത്തുപോയ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഭാര്യമാതാവ് അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് ഡൈനിങ് ഹാളില്‍ ചെന്നു നോക്കിയപ്പോള്‍ വാഷ്‌ബേസിന്‍ ചെറുകഷ്ണങ്ങളായി തകര്‍ന്ന നിലയിലായിരുന്നു. ബോംബ് സഫോടനം നടന്നതുപോലെ ഉഗ്രശബ്ദം കേട്ടുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇതിനു സമീപത്തുണ്ടായിരുന്ന ടൈല്‍സും കണ്ണാടിയും തകര്‍ന്നിട്ടുണ്ട്.
വാഷ്‌ബേസിന്‍ പൊട്ടിത്തെറിക്കുന്നത് ഈ മേഖലയില്‍ ആദ്യമായാണ്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് കഴിഞ്ഞദിവസം സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെയും ഗ്ലാസില്‍ നിര്‍മിച്ച വാഷ്‌ബേസിന്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാര്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ ഉഗ്രസ്‌ഫോടനത്തിലാണ് വാഷ്‌ബേസിന്‍ തകര്‍ന്നത്. സംഭവത്തിന്റെ ആഘാതത്തില്‍ ഇവര്‍ സീറ്റില്‍ നിന്ന് ദൂരേക്ക് തെറിച്ചുപോവുകയും ചെയ്തു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത സൈറ എന്ന പേരിലുള്ള വാഷ്‌ബേസിനുകളാണ് രണ്ടിടത്തും പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വായു സമ്മര്‍ദമാകാം ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്ന് സംശയിക്കുന്നു. വടകര നഗരത്തിലെ ഷോറൂമില്‍ നിന്നാണ് ചെക്കോട്ടി ബസാറിലെ പ്രദീപന്‍ ഒന്‍പതിനായിരം രൂപക്ക് ഗ്ലാസ് വാഷ്‌ബേസിന്‍ വാങ്ങിയത്. പൊട്ടിത്തെറിച്ച കാര്യം പ്രദീപന്‍ ഷോറൂം അധികാരികളെ അറിയിച്ചിട്ടുണ്ട്. ചൈനീസ് നിര്‍മിതവും ഗ്ലാസില്‍ തീര്‍ത്തതുമായതിനാല്‍ ഇതിന് ഗ്യാരണ്ടിയൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന്് ഷോറും പ്രതിനിധി വ്യക്തമാക്കി.
ഇതിനെ സ്‌ഫോടനമെന്ന് വ്യാഖ്യാനിക്കരുതെന്നും ഗ്ലാസ് ടൈറ്റ് ചെയ്യുമ്പോള്‍ അപൂര്‍വമായി സംഭവിക്കുന്നതായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂവെന്നമാണ് കമ്പനി വക്താവ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."