രാഷ്ട്രീയത്തെ ചികിത്സിച്ച ഡോക്ടര്‍
പാനൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന കെ.എം സൂപ്പിയുടെ ജീവിതം അന്ത്യം വരെ സംഭവബഹുലമായിരുന്നു. ഒരു കാലഘട്ടത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയ വേദിയിലേ തീപ്പൊരി പ്രാസംഗികനായി രാഷ്ട്രീയ ഗോദയിലിറങ്ങി. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ അതികായകനായ പി.ആര്‍ കുറുപ്പിന്റെ പ്രവര്‍ത്തനത്തിലും പ്രസംഗത്തിലും ആകൃഷ്ടനായി തനിക്ക് ലഭിച്ച ആയുര്‍വേദ ഡോക്ടര്‍ ബിരുദവും സര്‍ക്കാര്‍ ഡോക്ടറുടെ നിയമനവും ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. പാനൂരിന്റെ പോരാട്ട ഭൂമികയില്‍ കെ.എം സൂപ്പിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ചരിത്രം ഒരിക്കലും പൂര്‍ണമാവുകയില്ല.
മര്‍ദനങ്ങളേറ്റു വാങ്ങിയും അക്രമത്തെ പ്രതിരോധിച്ചും മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വന്തമായ അസ്ഥിത്വവും ആത്മീയമായ വ്യക്തിത്വവും കാത്തുസൂക്ഷിക്കാതെ പി.ആര്‍ കുറുപ്പിന്റെ സൂപ്പിയായി മാത്രം അറിയപ്പെട്ട അദ്ദേഹത്തിന്റെ ജീവിതത്തില്‍ 1978ല്‍ ലീഗിലേക്കുള്ള മാറ്റം വഴിത്തിരിവായി മാറുകയായിരുന്നു. 1970ല്‍ എം.എല്‍.എയായ കാലഘട്ടത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ബാഫഖി തങ്ങളെ കാണാനിടയായി. പിന്നീട് എന്‍.എ മമ്മു ഹാജി, പി.കെ ഉമര്‍ഖാന്‍, സി.കെ.പി ചെറിയ മമ്മു കേയി എന്നിവരുടെ പ്രേരണയാല്‍ രാജിവച്ച് ലീഗിലെത്തി. മാവിലോട്ട് മഹമൂദിന്റെ രക്തസാക്ഷിത്വവും കെ.എം സൂപ്പിയുടെ രാഷ്ട്രീയ മാറ്റവും പെരിങ്ങളം നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് മുന്നേറ്റമുണ്ടാക്കി.
തന്റെ രാഷ്ട്രീയ ഗുരുനാഥനായ പി.ആറിനെ പരാജയപ്പെടുത്തി ശ്രദ്ധേയമായ വിജയം നേടി കേരള നിയമസഭയിലെത്തിയ സൂപ്പി എം.എല്‍.എയായിരുന്ന 1991-1996 കാലഘട്ടം പെരിങ്ങളം മണ്ഡലത്തിലെ വികസനത്തിന്റെ കാലഘട്ടമായിരുന്നു. ശിഥിലമായ പാനൂരിലെ മുസ്‌ലിം സംഘടനകളെ ഒന്നിപ്പിച്ച് മൂന്നര പതിറ്റാണ്ടു കാലം പാനൂര്‍ ജുമാഅത്തു പള്ളിയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ച സൂപ്പി പളളി ഇന്നു കാണുന്ന രീതിയില്‍ പുതുക്കി പണിയുന്നതിലും പള്ളികമ്മിറ്റിക്ക് പാനൂര്‍ ടൗണില്‍ ഷോപ്പിങ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിലും പള്ളി കമ്മിറ്റിക്ക് കീഴില്‍ നജാത്ത് വിദ്യാഭ്യാസ സമുച്ചയം പടുത്തുയര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.പി മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പെരിങ്ങത്തൂരില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന യോഗത്തില്‍ സ്റ്റേജില്‍ നിന്ന് വീണു പരുക്കേറ്റ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം വീട്ടില്‍ വിശ്രമജീവിതം നയിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."