ഗുജറാത്ത് കൂട്ടക്കൊലയെ ആദ്യമായി തള്ളിപ്പറഞ്ഞ് ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം നാണക്കേടായെന്നും അങ്ങനെയൊന്നു സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ആര്‍.എസ്.എസ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മുസ്‌ലിം വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രണ്ടായിരത്തോളം ന്യൂനപക്ഷവിഭാഗക്കാര്‍ കൊല്ലപ്പെട്ട കലാപത്തെ ഇതാദ്യമായി സംഘപരിവാരം തള്ളിപ്പറഞ്ഞത്.
സംഘപരിവാരിനെ കുറിച്ചു മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റുന്നതിനായി ഈ മാസം മൂന്നിനാണ് കൂടിക്കാഴ്ച നടന്നത്. പങ്കെടുത്ത അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ അധ്യപകന്‍ പ്രൊഫ. മുഫ്തി സാഹിദ്, 2002ലെ കൂട്ടക്കൊല മുസ്്‌ലിംകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഓര്‍മപ്പെടുത്തിയപ്പോഴാണ് അതു നാണക്കേടായെന്നും അതൊരിക്കലും സംഭവിച്ചുകൂടാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാല്‍ ശര്‍മ പറഞ്ഞത്. കൂടിക്കാഴ്ചയില്‍ മുത്വലാഖ്, ഏകസിവില്‍കോഡ്, തൊഴിലില്ലായ്മ എന്നീ കാര്യങ്ങളും വിഷയമായി.
മുസ്്‌ലിംകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവരൊരിക്കലും വിവേചനത്തിനിരയാവില്ലെന്നും ആര്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അലിഗഡ് മുന്‍ അധ്യാപകന്‍ പ്രൊഫ. മുഹമ്മദ് ഷാബിര്‍ പറഞ്ഞു.
ഗുജറാത്ത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇരുവിഭാഗത്തിനിടിയലും ചര്‍ച്ചകള്‍ ആവശ്യമാണെന്നും അഞ്ചുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും മുസ്്‌ലിംകളുടെ തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്നും ആര്‍.എസ്.എസ് നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. സംഘപരിവാര അനുകൂലികളായ മുസ്്‌ലിംകളുടെ കൂട്ടായ്മയായ മുസ്്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ കോര്‍ഡിനേറ്ററാണ് ഇന്ദ്രേഷ്‌കുമാര്‍. ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും സംസാരിച്ചു. വിവിധ യൂനിവേഴ്‌സിറ്റി അധ്യാപകരടക്കമുള്ള നിരവധി മുസ്‌ലിം ബുദ്ധിജീവികളും സാമൂഹിക പ്രവര്‍ത്തകരും സംബന്ധിച്ചു.
അലിഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്്‌ലിം നേതാക്കളാണ് യോഗത്തില്‍ പ്രധാനമായും പങ്കെടുത്തത്. ഏകസിവില്‍കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കെയായിരുന്നു കൂടിക്കാഴ്ച. ന്യൂനപക്ഷവോട്ട് നിര്‍ണായകമായ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, മുസ്്‌ലിംകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."