ദയയിലൂടെ അശ്വതി മംഗല്യവതിയായി
പെരിങ്ങോട്ടുകുറുശ്ശി: സമൂഹ മാധ്യമകൂട്ടായ്മയായ ദയ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ അശ്വതിക്ക് മംഗല്യസൗഭാഗ്യം. നിര്‍ധന കുടുംബത്തിലെ യുവതികളുടെ വിവാഹസ്വപ്നം പൂവണിയിക്കാന്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് തുടക്കം കുറിച്ച വൈവാഹിക പദ്ധതിയായ ദയ മംഗല്യദീപം മുഖേനയുള്ള ആദ്യവിവാഹമാണ് പരുത്തിപ്പുള്ളി മാരിയമ്മന്‍കോവിലില്‍ നടന്നത്. പെരുങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കാവുതിയാം പറമ്പ് പരേതനായ അശോകന്റെ മകള്‍ അശ്വതിയാണ് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കാരുണ്യത്തിലൂടെ മംഗല്യവതിയായത്. കൊല്ലങ്കോട് മൈലാപ്പുതറ രാമദാസ് മകന്‍ സതീശനാണ് അശ്വതിയെ മിന്നു കെട്ടിയത്. അശ്വതിയുടെ അച്ഛന്‍ അശോകന്‍ ആറുവര്‍ഷം മുന്‍പ് അസുഖ ബാധിതനായി മരിച്ചിരുന്നു. അശ്വതിയെ ഉപേക്ഷിച്ചു പോയ അമ്മയെക്കുറിച്ചും വിവരമൊന്നുമില്ല. അശ്വതിയെ സംരക്ഷിച്ചു വന്നത് ചെറിയച്ഛന്‍ ശെല്‍വനാണ്. വീടിനുടുത്തു തന്നെ ഒരു പെട്ടിക്കട നടത്തി ഉപജീവനം നടത്തിവരുന്ന ശെല്‍വനു മറ്റു വരുമാനമാര്‍ഗ്ഗങ്ങളൊന്നുമില്ല. ഒരു വര്‍ഷം മുന്‍പ് തീരുമാനിച്ചതാണ് ഈ വിവാഹം അന്നു മുതല്‍ തുടങ്ങിയതാണ് ശെല്‍വന്റെ മനോദുഃഖം. മംഗല്യദീപം പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ കാവുതിയാംപറമ്പിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ശിവരാമനാണു അശ്വതിയുടെ ദയനീയ സ്ഥിതി ദയയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
അഞ്ചു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും വിവാഹസദ്യയും ദയയാണ് ഒരുക്കിയത്. സോഷ്യല്‍ മീഡിയ ഗുണഫലമാക്കി മൂന്നു ദയാഭവനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മയിലൂടെ നടത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ് പോസ്റ്റുകളിലൂടെയും അംഗങ്ങള്‍ നല്‍കുന്ന സംഭാവനകളിലൂടെയുമാണ് ദയ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നത്. പരുത്തിപുള്ളി മാരിയമ്മന്‍ കോവിലില്‍ നടന്ന വിവാഹ ചടങ്ങിന് സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ സാക്ഷികളായി. മംഗല്യപന്തലില്‍ വച്ചു നടന്ന ഔപചാരിക യോഗം ദയചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.ബി. രമേഷ് ഉദ്ഘാടനം ചെയ്തു. ദയമംഗല്യദീപം കണ്‍വീനര്‍ മോഹനന്‍ കരിയോടത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം മോഹനന്‍, ദയട്രസ്റ്റി ശ്രീലത ടീച്ചര്‍, ബമ്മണ്ണൂര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക രമണി ടീച്ചര്‍, അഡ്മിന്‍ പാനല്‍ അംഗം പുഷ്പരാജ്, മാധ്യമപ്രവര്‍ത്തകന്‍ സമദ് കല്ലടിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."