സത്ലജ് നദിയിലെ കനാല്‍ നിര്‍മാണം: പഞ്ചാബിനു തിരിച്ചടിയായി സുപ്രിംകോടതി വിധി
ന്യൂഡല്‍ഹി: സത്ലജ് നദിയിലെ കനാല്‍ നിര്‍മാണം തടയണമെന്ന പഞ്ചാബിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
അയല്‍ സംസ്ഥാനങ്ങളുമായി നദീജലം പങ്കുവയ്ക്കുന്നതിനുള്ള സത്ലജ് - യമുന കനാല്‍ കരാര്‍ റദ്ദ് ചെയ്ത പഞ്ചാബ് സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി റദ്ദാക്കി. കനാല്‍ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും അഞ്ചംഗ ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
2003ല്‍ കനാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 2004 ല്‍ പഞ്ചാബ് നിയമസഭ കരാര്‍ റദ്ദ് ചെയ്യുന്നതിനുള്ള നിയമം പാസാക്കി.
ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിയുടെ ലംഘനമാണെന്നും സുപ്രിംകോടതി വിലയിരുത്തി.
അതേസമയം വിധിയില്‍ പ്രതിഷേധിച്ച് എംപി സ്ഥാനം രാജിവയ്ക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് അറിയിച്ചു.
എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും അമരീന്ദര്‍ സിങിനു രാജിക്കത്ത് കൈമാറി.
അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 2003 ലെ സുപ്രിംകോടതി വിധിക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കിയത്.
ബിയസ്- റാവി നദികളിലെ ജലം പങ്കുവയ്ക്കുന്നതിലാണ് അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, ജമ്മു കശ്മിര് എന്നീ സംസ്ഥാനങ്ങളുമായി പഞ്ചാബിനു തര്‍ക്കമുള്ളത്.
1966 ല്‍ ആണ് സത്ലജ്- യമുന ലിങ്ക് കനാല്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. സത്ലജ്, യമുന നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 214 കിലോമീറ്റര്‍ കനാലിനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ കൃഷിക്കും ജലസേചനത്തിനും വെള്ളം മുടങ്ങുമെന്ന കാരണം പറഞ്ഞു പഞ്ചാബ് കരാറിന് എല്ലാകാലത്തും എതിരായിരുന്നു.
അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നു കോടതിവിധിക്കെതിരേ നിയമം പാസാക്കിയതെങ്കിലും വെള്ളം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഭരണകക്ഷിയായ അകാലിദള്‍ അടക്കം എല്ലാ പാര്‍ട്ടികളും എതിരാണ്.
ഒരു തുള്ളി വെള്ളം പോലും മറ്റു സംസ്ഥാനങ്ങള്‍ക്കു വിട്ടുകൊടുക്കില്ലെന്നു ഉപമുഖ്യമന്ത്രി സുഖ്ബിര്‍ സിങ് ബാദല്‍ പ്രഖ്യാപിച്ചു.
കോടതി വിധിയോടെ പഞ്ചാബിനു വരാനിരിക്കുന്നത് ദുരന്തത്തിന്റെ നാളുകളാണെന്നും പത്തു ലക്ഷം ഏക്കര്‍ ഭൂമി തരിശ്ശാകുമെന്നും രാജിപ്രഖ്യാപിച്ച ശേഷം അമരീന്ദര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."