ഇന്ത്യ കീഴടക്കി തേജസ്വിന്‍
കോയമ്പത്തൂര്‍: ഉയരങ്ങളിലെ ഇന്ത്യ കീഴടക്കി തേജസ്വിന്‍ ജ്വലിച്ച നാളില്‍ കേരളം പതറി. 32 ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും മിന്നിയത് ഹരിയാന. ട്രാക്കിലും ഫീല്‍ഡിലുമായി ആറ് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലം വാരിക്കൂട്ടിയ ഹരിയാന 77 പോയിന്റുമായാണ് ഒന്നാമതെത്തിയത്.
രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി കേരളം 45 പോയിന്റുമായി മൂന്നാമതാണ്. ട്രാക്കിലും ഫീല്‍ഡിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ആദ്യ ദിനത്തില്‍ കേരളത്തിനായില്ല. മൂന്ന് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവും നേടി 48 പോയിന്റുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി 42 പോയിന്റ് നേടിയ ഡല്‍ഹി നാലാം സ്ഥാനത്തെത്തി.
അഞ്ച് ദേശീയ റെക്കോര്‍ഡും മൂന്നു മീറ്റ് റെക്കോര്‍ഡുമാണ് ആദ്യദിനത്തില്‍ പിറന്നത്. ഡല്‍ഹിയുടെ തേജസ്വിന്‍ ശങ്കര്‍ ഹൈജംപില്‍ ജൂനിയര്‍, സീനിയര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച അത്യുഗ്രന്‍ പ്രകടനവുമായി മീറ്റിന്റെ ആദ്യനാളിലെ താരമായി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഹരിയാനയുടെ ശങ്കറും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബംഗാളിലെ ലില്ലി ദാസും മീറ്റ് റെക്കോര്‍ഡ് നേടി മേളയുടെ രണ്ടാം ദിനമായ ഇന്ന് 17 ഫൈനലുകള്‍ നടക്കും.
സുവര്‍ണപ്രഭയില്‍ ഗായത്രിയും ആന്‍സിയും
ആദ്യ ദിനത്തിലെ കേരളത്തിന്റെ പ്രതീക്ഷകള്‍ ട്രാക്കില്‍ പൊലിഞ്ഞു വീണപ്പോള്‍ ജംപിങ് പിറ്റില്‍ പെണ്‍കൊടികള്‍ സുവര്‍ണ താരങ്ങളായി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗായത്രി ശിവകുമാറാണ് കേരളത്തിനായി ആദ്യ സ്വര്‍ണം നേടിയത്. രണ്ടാം സ്വര്‍ണം അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജംപില്‍ ആന്‍സി സണ്ണിയിലൂടെയും കേരളത്തെ തേടിയെത്തി. കൊച്ചി തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഗായത്രി ക്രോസ്ബാറിന് മീതേ 1.65 മീറ്റര്‍ ഉയരം താണ്ടിയാണ് സ്വര്‍ണം നേടിയത്. നവദര്‍ശന അക്കാദമിയില്‍ മനോജ് സി. തോമസിന് കീഴില്‍ പരിശീലിക്കുന്ന ഗായത്രി രവിപുരം കൗസ്തുഭത്തില്‍ ശിവകുമാര്‍ -ഷീബ ദമ്പതികളുടെ മകളാണ്.
ലോംങ്ജംപില്‍ 5.58 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി സോജന്‍ സ്വര്‍ണം നേടിയത്. നാട്ടിക ഫിഷറീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും ഫിഷറീസ് അത്‌ലറ്റിക് അക്കാദമിയിലെ താരവുമാണ്. ഓട്ടോറിക്ഷ തൊഴിലാളിയായ നാട്ടിക ഇടപ്പിള്ളി സോജന്‍ - ജാന്‍സി ദമ്പതികളുടെ മകളാണ്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹൈജംപില്‍ കെ.എസ് അനന്ദുവും സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി ബബിതയുമാണ് കേരളത്തിനായി വെള്ളി നേടിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അബിന്‍ സാജനും പെണ്‍കുട്ടികളില്‍ സാന്ദ്ര എസ്. നായരും ലോങ്ജംപില്‍ പ്രഭാവതിയും കേരളത്തിന് വെങ്കലം സമ്മാനിച്ചു. 19 ഫൈനലുകളില്‍ നിന്നാണ് കേരളത്തിന്റെ ആദ്യനാളിലെ ഏഴ് മെഡല്‍ സമ്പാദ്യം.
റെക്കോര്‍ഡുകളുടെ കുതിപ്പ്
ട്രാക്കിലും ഫീല്‍ഡിലും ആദ്യ ദിനത്തില്‍ റെക്കോര്‍ഡുകള്‍ പെയ്തിറങ്ങി. അഞ്ച് ദേശീയ റെക്കോര്‍ഡകളും ഒരു മീറ്റ് റെക്കോര്‍ഡും തിരുത്തപ്പെട്ടു. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ഹരിയാനയുടെ സാഹില്‍ സില്‍വാല്‍ (53.96 മീറ്റര്‍), പെണ്‍കുട്ടികളുടെ വിഭാഗം ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ പരംജ്യോത് കൗളും (14.21 മീറ്റര്‍) പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. അണ്ടര്‍ 16 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 2000 മീറ്ററില്‍ ഹരിയാനയുടെ വികാസ് (5.32.27 സെക്കന്‍ഡ്), യു.പിയുടെ അമൃത പട്ടേല്‍ (6.25.26 സെക്കന്റ്) എന്നിവര്‍ ദേശീയ റെക്കോര്‍ഡ് ഓടിപിടിച്ചു.
ആണ്‍കുട്ടികളില്‍ വെള്ളി നേടിയ നിലവിലെ ദേശീയ റെക്കോര്‍ഡ് ജേതാവായ അവദേശ് നഗറും വെങ്കലം നേടിയ ഗുജറാത്തിന്റെ അനില്‍ ബാംബനിയും ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവെച്ചു. പെണ്‍കുട്ടികളില്‍ വെള്ളി നേടിയ ഹരിയാനയുടെ സീമയും നിലവിലെ 6.28.60 സെക്കന്‍ഡ് ദേശീയ റെക്കോര്‍ഡ് മറികടന്നു.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹൈജംപില്‍ രാജ്യാന്തര താരം തേജസ്വിന്‍ ശങ്കര്‍ മിന്നുന്ന പ്രകടനവുമായി ദേശീയ ജൂനിയര്‍, സീനിയര്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി. 2.26 മീറ്റര്‍ ഉയരമാണ് കീഴടക്കിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഡല്‍ഹിയുടെ ഷാനവാസ് ഖാന്‍ മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2.02 മീറ്റര്‍ ചാടിയാണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."