ബാങ്കുകള്‍ തുറന്നു: തിരക്കു വര്‍ധിക്കുന്നു
പാലക്കാട്: രാജ്യത്ത് 500 -1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച അടച്ചിട്ട ബാങ്കുകള്‍ ഇന്നലെ തുറന്നതു. രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയില്‍ ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം. മാത്രമാണ് തടസമില്ലാതെ പ്രവര്‍ത്തിച്ചത്. ഉച്ചയ്ക്കു മുന്‍പ് തന്നെ മിക്ക എ.ടി.എം. കാലിയായി. മിക്ക ബാങ്കുകളിലും പോസ്റ്റാഫീസുകളിലും പണം മാറാനും പണം നിക്ഷേപിക്കാനും എത്തുന്നവരുടെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പാലക്കാട് ഹെഡ്‌പോസ്റ്റാഫീസിലും രാവിലെ മുതല്‍ നീണ്ട ക്യൂവായിരുന്നു. ഇടപാടുകാരും അല്ലാത്തവരുമെല്ലാം രാവിലെ തന്നെ ബാങ്കിലും പോസ്റ്റാഫീസിലും എത്തിയതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്.
ജില്ലയില്‍ എസ്.ബി.ടി, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയെല്ലാം നോട്ടുകള്‍ മാറാനായി പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതത് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണം നിക്ഷേപിക്കുന്നതിന് പുറമെ അക്കൗണ്ടില്ലാതെ എത്തുന്നവര്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ നാലായിരം രൂപവരെ മാത്രമാണ് നല്‍കുന്നത്.
എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്നലെ ഉച്ചയ്ക്കു ശേഷം മാത്രമേ എസ്.ബി.ടി., എസ്.ബി.ഐ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. പുതിയ നോട്ടുകള്‍ നല്‍കാനും എ.ടി.എമ്മുകളില്‍ പഴയ കറന്‍സികള്‍ മാറ്റി പുതിയ കറന്‍സികള്‍ നിക്ഷേപിക്കാനും വേണ്ടിയാണ് ബുധനാഴ്ച ബാങ്കുകളും എ.ടി.എമ്മുകളും അടച്ചിട്ടത്. എന്നാല്‍ പലരും ബാങ്കുകളില്‍ എത്തുന്നത് പുതിയ രണ്ടായിരം നോട്ടുകള്‍ വാങ്ങി സൂക്ഷിക്കാനാണ് എന്നുള്ളത് അത്യാവശ്യ സര്‍വ്വീസിനെത്തുന്നവരെ ദുരിതത്തിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."