ഭവാനി പുഴയില്‍ കേരളം തടയിണ നിര്‍മിക്കുമെന്ന്
അഗളി: അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ സംസ്ഥാന സര്‍ക്കാര്‍ തടയിണ നിര്‍മിക്കാനൊരുങ്ങുന്നു. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. ഷംസുദ്ദീന്റെ സുസ്ഥിര വികസന ഫണ്ടില്‍നിന്നു തുക നീക്കിവെച്ചാണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. കാവേരി വാട്ടര്‍ ട്രിബ്യൂനലിന്റെ വിധിയനുസരിച്ചു കേരളത്തിനു ഭവാനിയില്‍ നിന്നു 3.66 ടി.എം.സി ജലം അവകാശപ്പെട്ടതാണ്. എന്നാല്‍ ഇവിടെ നടക്കുന്ന പദ്ധതികളെ മിക്കപ്പോഴും തമിഴ്‌നാട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണു പതിവ്.
ഏറ്റവുമൊടുവില്‍ അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതിയിലൂടെ തമിഴ്‌നാടിന്റെ നിലപാടു പ്രകടമായതാണ്. നിലവില്‍ അട്ടപ്പാടിയിലൂടെ ഒഴുകുന്ന ശിരുവാണി പുഴയില്‍ നിന്ന് 2.87 ടി.എം.സി ജലവും വരഗാറില്‍ നിന്ന് 0.5 ടി.എം.സി ജലവും കരുഹരകോട്ടില്‍ നിന്ന് 0.29 ടി.എം.സി ജലവും കാവേരി നദീജല ട്രിബ്യൂനലിന്റെ വിധിയനുസരിച്ചു ലഭിക്കണം.
എന്നാല്‍ ഈ മേഖലകളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തുടങ്ങുമ്പോള്‍ തന്നെ തമിഴ്‌നാട് പ്രസ്തുത പദ്ധതിയെ അട്ടിമറിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാ പ്രതിഷേധങ്ങളെയും അതിജീവിച്ചു പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തിലാണു സംസ്ഥാനം. പദ്ധതി യാഥാര്‍ഥ്യമായാല്‍ അട്ടപ്പാടിയിലേക്കുള്ള കൃഷിക്കാവശ്യമായ ജലം ലഭിക്കും.
വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും പലകാരണങ്ങള്‍ കൊണ്ടു പദ്ധതി നടക്കാതെ പോകുകയായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥലം എം.എല്‍.എയുടെ കൂടി താല്‍പ്പര്യം കണക്കിലെടുത്താണു പദ്ധതി തുടങ്ങുന്നത്. പദ്ധതി നിര്‍വഹണം എവിടെയാവണമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
ഇതോടൊപ്പം തമിഴ്‌നാടിന്റെ പ്രതിരോധം മറികടക്കാന്‍ കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിനധീതമായി മുഴുവന്‍ രാഷ്ട്രീയ നേതൃത്വവുമായും എം.എല്‍.എ ഉടന്‍ ആശയവിനിമയം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."