സൗമ്യ വധക്കേസില്‍ സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി കോടതി തള്ളി. പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു.
നാടകീയ രംഗങ്ങള്‍ അരങ്ങേറിയ കോടതി നടപടികള്‍ക്കിടയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനോട് കോടതിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ജഡ്ജി ഉത്തരവിട്ടു.
കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസും നല്‍കി. എന്നാല്‍ കോടതി നടപടി ഭയക്കുന്നില്ലെന്നു കട്ജു പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
മുമ്പു നടത്തിയ വിധിയില്‍ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
തെളിവുകള്‍ നൂറ്റൊന്നു ശതമാനം കൃത്യമായിരിക്കണമെന്നും കോടതി പറഞ്ഞു.
വിധിക്കെതിരേ ജഡ്ജിമാരെ വിമര്‍ശിച്ചു ബ്ലോഗ് എഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ കോടതി വിളിച്ചുവരുത്തിയിരുന്നു.
വാദത്തിനിടെ കേസ് പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും കട്ജുവും ഏറെ നേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതു രംഗം വഷളാക്കി.
ജഡ്ജിമാരെ വിമര്‍ശിച്ചതിനു കട്ജുവിനു നോട്ടിസ് നല്‍കണമെന്നു ഗൊഗോയ് പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തേണ്ടെന്നു കട്ജു തിരിച്ചടിച്ചു. ഇതോടെ ഇരുവരും കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതിനിടെ കട്ജുവിനെ പുറത്താക്കാന്‍ ഗൊഗോയ് ആവശ്യപ്പെട്ടതിനേയും കട്ജു വിമര്‍ശിച്ചു.
കോടതി ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മറ്റു ജഡ്ജിമാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വിധിയില്‍ വിഷമമുണ്ടെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു. എന്നാല്‍ ആരേയും കുറ്റപ്പെടുത്താനില്ല. ഇനിയൊരു പെണ്‍കുട്ടിക്കും തന്റെ മകളുടെ അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."