ഏക സിവില്‍കോഡും ദലിതുകളും
ഏക സിവില്‍കോഡ് എന്ന ആയുധം മുസ്‌ലിംകളെ വേട്ടയാടുകയെന്ന ലക്ഷ്യത്തോടെയാണു ഹിന്ദു വലതുപക്ഷവും അതിന്റെ വക്താക്കളായ ബി.ജെ.പിയും ഉപയോഗിക്കുന്നത്. ഇവിടെ ഏക സിവില്‍കോഡ് നിലവില്‍വന്നാല്‍, അതു മുസ്‌ലിംകള്‍ക്കു മാത്രമാണു ബാധിക്കുകയെന്നതാണു പൊതുധാരണ.
രാജ്യത്ത് വ്യക്തിനിയമങ്ങള്‍ ഏകീകരിക്കപ്പെട്ടാല്‍ നിലനില്‍പ്പുതന്നെ അപകടകരമാവുന്ന മനുഷ്യസമൂഹത്തെ കുറിച്ചുള്ള ചള്‍ച്ചകള്‍ ഇതുവരെ വേണ്ടത്ര ഉയര്‍ന്നുവന്നിട്ടില്ല. അല്ലെങ്കില്‍ ഇത്തരം ചര്‍ച്ചകളെ ബോധപൂര്‍വം അകറ്റിനിര്‍ത്താനുള്ള ആസൂത്രിതശ്രമം നടക്കുന്നുവെന്നുവേണം വിലയിരുത്താന്‍.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യക്തി നിയമങ്ങള്‍ രാജ്യത്തെ വലിയ ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിന്റെയും സ്വത്വത്തിന്റെയും ആണിക്കല്ലാണ്. അതിളകിയാല്‍ നഷ്ടപ്പെടുന്നത് ആ വിഭാഗങ്ങളുടെ അസ്തിത്വം തന്നെയായിരിക്കും.
ഏക സിവില്‍കോഡ് എന്നതിനെ ഇസ്്‌ലാം മതത്തില്‍ അനുവദനീയമായ മുത്വലാഖ്, ബഹുഭാര്യത്വം എന്നിവ നിയന്ത്രിക്കുന്നതിനുള്ള വഴി എന്നു ചുരുക്കിയാണ് ഇപ്പോള്‍ പൊതുവെ വിലയിരുത്തുന്നത്. എന്നാല്‍, ഏക സിവില്‍കോഡ് എന്നത് കേവലം മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതോ ഈ മേഖലയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതോ ആയ വിഷയമല്ല.
രാജ്യത്തെ ആദിവാസി-ദലിത് വിഭാഗങ്ങളാണ്, യാഥാര്‍ഥ്യമാകില്ലെങ്കിലും ബി.ജെ.പി വിഭാവനം ചെയ്യുന്ന ഈ ഏക വ്യക്തിനിയമം എന്ന ഏക സിവില്‍ കോഡിലൂടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുക. പല ആദിവാസി-ദലിത്, ഗോത്ര വര്‍ഗങ്ങളെ തന്നെയും ഇല്ലാതാക്കാന്‍ കാരണമാകും ഈ ഏക വ്യക്തിനിയമമെന്നത് സുതര്‍ക്കമാണ്.
ആറ് പ്രബല വംശീയ വിഭാഗങ്ങള്‍, 55 മുഖ്യ ഗോത്രങ്ങള്‍, ആറ് പ്രമുഖ മതങ്ങള്‍, 6400 ജാതികളും പിന്നെ എണ്ണിയാലൊടുങ്ങാത്ത ഉപജാതികള്‍, 18 പ്രധാന ഭാഷകള്‍ ഇതിനുള്ളില്‍ 1600 ഉപഭാഷകള്‍... ഇതെല്ലാം ഉള്‍ക്കൊള്ളുന്നതാണ് വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും നാടായ ഇന്ത്യ. ഒരു കേന്ദ്രീകൃത ഭരണ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് എങ്ങനെ ഇത്രമാത്രം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെന്നതിന്റെ ഉത്തരവും ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങള്‍ തന്നെയാണ്.
നമ്മള്‍ എല്ലാം ഇന്ത്യന്‍ പൗരന്മാരാണെങ്കിലും വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ ഒരു യാത്ര പോകണമെന്നുവച്ചാല്‍ സ്വതന്ത്രമായി എവിടെ വരെ കടന്നുചെല്ലാന്‍ കഴിയും. ഉദാഹരണത്തിന് നാഗാലന്‍ഡ്- കുന്നുകളാലും മലകളാലും സമൃദ്ധമായ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഒന്ന്.
16 ഗോത്ര സമൂഹങ്ങളുണ്ട് ഇവിടെ. ഇവര്‍ക്കെല്ലാം വ്യത്യസ്തമായ ആചാരങ്ങള്‍. പൊതുവെന്നു നമ്മള്‍ വിലയിരുത്തുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഒരംശവും ഇവിടെ കാണാന്‍ കഴിയില്ല. ഭൂപ്രകൃതി പോലും മറ്റൊന്ന്. നമ്മളൊക്കെ ഉറക്കത്തിലാകുമ്പോള്‍ പുലര്‍ച്ചെ നാലരയ്ക്കു തന്നെ സൂര്യന്‍ ഉദിക്കും. വൈകീട്ട് അഞ്ചു മണിയാകുമ്പോള്‍ തന്നെ ഇരുട്ടാകും. ഏഴ് മണിയാകുമ്പോഴേക്കും ആളുകളെല്ലാം ഉറക്കം പിടിച്ചിരിക്കും. പുഴുക്കളെയും തവളകളെയും പട്ടികളെയും ഭക്ഷിച്ചാണ് ഇവിടുത്തെ നാഗാ ഗോത്രവിഭാഗങ്ങള്‍ കഴിയുന്നത്.
അവരുടെ ആചാരങ്ങള്‍ അത് ജനനത്തിലാണെങ്കിലും മരണാനന്തരമാണെങ്കിലും വിവാഹത്തിലാണെങ്കിലും പിന്തുടരുന്നു. ഈ സംസ്‌കാരത്തെ അസ്ഥിരപ്പെടുത്താന്‍ ഇതുവരെ ഒരു ഭരണകൂടവും ശ്രമിച്ചില്ല. മറിച്ച് ഇവയെ സംരക്ഷിക്കാനാണ് നടപടി തുടര്‍ന്നത്. പുറത്തു നിന്നുള്ള കടന്നുകയറ്റം ഗോത്ര സംസ്‌കാരത്തിന് ഭീഷണിയാണെന്നു തിരിച്ചറിഞ്ഞ് ബ്രിട്ടീഷ് ഭരണകൂടം 1873 ല്‍ ഒരു പ്രത്യേക നിയമം കൊണ്ടു വന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അതിര്‍ത്തി നഗരമായ ദിമാപൂര്‍ കടക്കണമെങ്കില്‍ 'ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്' എന്ന ആഭ്യന്തര വിസ എടുക്കണം. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഈ സംവിധാനം സ്വതന്ത്ര ഇന്ത്യ ഇപ്പോഴും തുടരുകയാണ്. ഇത്തരം ഗോത്രാചാരങ്ങളും അവയുടെ തനിമയും സംസ്‌കാരവും സംരക്ഷിക്കാന്‍ പ്രത്യേക നിയമം പോലും നിലനില്‍ക്കവെയാണ് വ്യക്തികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ഒറ്റനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുന്നത്. ഇതു ചില തല്‍പ്പരകക്ഷികളുടെ രാഷ്ട്രീയ അജണ്ട മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് നമുക്ക് മുന്‍പിലുള്ള ആദിവാസി-ഗോത്ര സമൂഹങ്ങളും അവരുടെ നിലനില്‍പ്പും.
ആദിവാസി -ദലിത് നേതാവായ എം. ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഇപ്പോള്‍ തന്നെ ഒരു വ്യവസ്ഥാപിതമായ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല പല ആദിവാസി, ദലിത്-ഗോത്ര വിഭാഗങ്ങളും കഴിയുന്നത്. വിവാഹ കാര്യത്തിലുള്‍പ്പെടെ ഒരു കസ്റ്റമറി ലോയുടെ അടിസ്ഥാനത്തിലല്ലാതെ ജീവിക്കുന്ന ഇത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഏതു പൊതുനിയമത്തില്‍ ഒന്നിച്ചു നിര്‍ത്താന്‍ ഏത് സര്‍ക്കാരിനു കഴിയും. കേരളത്തിലെ ആദിവാസി -ദലിത് വിഭാഗങ്ങളില്‍ ഒരു പക്ഷേ, ഇത്തരം ഒരു ചര്‍ച്ച നടന്നേക്കാമെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരം ഒരാശയം അവതരിപ്പിക്കാന്‍ വരെ കഴിയുമോയെന്നും ഗീതാനന്ദന്‍ ചോദിക്കുന്നു.
ഏറെ വൈവിധ്യം നിറഞ്ഞ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് 'ഒരു രാജ്യം ഒരു നിയമം' എന്നത് എത്ര അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഏക വ്യക്തിനിയമം എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പു കാഹളം ഉയരുമ്പോള്‍ കാലങ്ങളായി ഉയര്‍ത്തുന്നതിന്റെ യുക്തി ചോദ്യം ചെയ്യാതിരിക്കുന്നതാണ് ഏറെ വേദനാജനകം. ഇതു മുസ്‌ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന വിഷയമായിട്ടാണ് പല പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളും കാണുന്നത്.
എന്താണ് വ്യക്തിനിയമം. ഏതു മതത്തിലായിക്കോട്ടെ, ഒരാള്‍ പിറന്നുവിണ മതത്തിന്റെ വിശ്വാസവുമായി ബന്ധപ്പെടുത്തി അയാളുടെയും കുടുംബത്തിന്റെയും ജീവിത പരിസരം ക്രമപ്പെടുത്തിയിരിക്കുന്നത് ഈ വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിലാണ്.(നിരീശ്വര വാദികളായ ചിലരെ മാറ്റിനിര്‍ത്താം).
ഏഴ് വ്യക്തി നിയമങ്ങളാണ് ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവിത പരിസരം ക്രമീകരിച്ചിരിക്കുന്നത്.(ഹിന്ദു വ്യക്തി നിയമം, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാരങ്ങള്‍, ഹിന്ദുക്കളുടെ ഗോത്ര നിയമങ്ങള്‍, ക്രിസ്ത്യന്‍ വ്യക്തി നിയമങ്ങള്‍, പാഴ്‌സി വ്യക്തി നിയമങ്ങള്‍, ജൂത വ്യക്തി നിയമങ്ങള്‍, മുസ്‌ലിം വ്യക്തി നിയമങ്ങള്‍) ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിനിയമങ്ങള്‍ക്ക് കീഴ്‌പെട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ ഒരു സാധാരണക്കാരന്‍ വരെ തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വിവാഹം, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ പ്രധാന കാര്യങ്ങളും ഈ വ്യക്തി നിയമങ്ങളെ കേന്ദ്രീകരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വ്യക്തി നിയമങ്ങള്‍ എന്നറിയപ്പെടുന്ന നിയമമൊഴികെ അവശേഷിക്കുന്ന എല്ലാ സിവില്‍ നിയമങ്ങളും എല്ലാ പൗരന്‍മാര്‍ക്കും തുല്യമാണ്. അതേസമയം വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, ജീവനാംശം തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്ത മതങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പിന്തുടരാന്‍ അനുവദിക്കുന്നതാണ് വ്യക്തിനിയമം. ഹിന്ദു മതത്തില്‍ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ഓരോ മതസ്തരും ഇത്തരം നിയമങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായാണ് അവരുടെ നിയമങ്ങള്‍ നിലനില്‍ക്കുന്നത്. അവ പലപ്പോഴും അലിഖിതവുമാണ്.
ഏക സിവില്‍കോഡ് എന്ന പ്രതീക്ഷ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ 44 ാം ഖണ്ഡികയായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും വ്യക്തിനിയമങ്ങളുടെ പരിഷ്‌കാരത്തെ തന്നെ എതിര്‍ക്കുകയോ അല്ലെങ്കില്‍ ഏകീകരിക്കുന്നതിനെ എതിര്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 ല്‍ നിന്നും 12 ആയി ഉയര്‍ത്തണമെന്ന ബില്ല് ബ്രിട്ടീഷുകാര്‍ ഇംപീരിയല്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരേ ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ മതാചാരങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സര്‍ക്കാര്‍ മാറി നില്‍ക്കണം എന്നായിരുന്നു അന്നത്തെ ഹിന്ദുക്കളുടെ ആവശ്യം.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ മുസ്‌ലിം അടക്കമുള്ള ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇതെങ്കിലും ബി.ജെ.പി ഈ നീക്കം നടത്തുന്നത് സാമുദായിക ധ്രുവീകരണത്തിനും ഇതുവഴിയുള്ള തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനുമാണ്.
ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, പാഴ്‌സികള്‍, ആദിവാസികള്‍, ദലിതുകള്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങി എല്ലാ മതസ്തരുടെയും വിശ്വാസവും ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാല്‍ തന്നെ ഇതിനെ ഒരു തെരഞ്ഞെടുപ്പു വിഷയത്തിലേക്ക് മാത്രമായി ചുരുക്കുന്നതിനെതിരേയും സമൂഹം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."