ഇന്ത്യ തിരിച്ചടിക്കുന്നു
രാജ്‌കോട്ട്: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനെതിരേ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. മുരളി വിജയ്(126) ചേതേശ്വര്‍ പുജാര(124) എന്നിവര്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി. ആറു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ 537 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 218 റണ്‍സ് ആവശ്യമാണ്.
വിക്കറ്റ് നഷ്ടമില്ലാതെ 63 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് അഞ്ചു റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഗൗതം ഗംഭീര്‍(29) സ്റ്റ്യുവര്‍ട്ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നാല്‍ പിന്നീടെത്തിയ പുജാര വിജയ്‌ക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും സ്പിന്നര്‍മാരെയും നന്നായി കളിച്ചു. 301 പന്ത് നേരിട്ട വിജയ് ഒന്‍പതു ബൗണ്ടറിയും നാലു സിക്‌സറുമടിച്ചു. സ്പിന്നര്‍മാരെ കടന്നാക്രമിക്കുന്നതില്‍ വിജയ് മികച്ചു നിന്നു. പുജാര 206 പന്തില്‍ 17 ബൗണ്ടറികളടക്കമാണ് സെഞ്ച്വറി തികച്ചത്. വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശനത്തെ മറികടക്കാനും സെഞ്ച്വറിയിലൂടെ പുജാരയ്ക്ക് സാധിച്ചു.
209 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്. പുജാരയെ പുറത്താക്കി സ്റ്റോക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ വിരാട് കോഹ്‌ലി(26*) വിജയ് സഖ്യം 41 റണ്‍സ് ചേര്‍ത്ത് മുന്നേറിയെങ്കിലും ദിവസത്തിന്റെ അവസാന ഓവറുകളില്‍ വിജയ്, അമിത് മിശ്ര(0) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ടിനായി സ്റ്റ്യുവര്‍ട്ട് ബ്രോഡ്, സഫര്‍ അന്‍സാരി, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."