കേരളം കിതയ്ക്കുന്നു...
കോയമ്പത്തൂര്‍: ട്രാക്കിലും ഫീല്‍ഡിലും അടിതെറ്റിയ ദിനത്തില്‍ കേരളത്തിന് ആശ്വാസമേകിയത് അപര്‍ണയും ശ്രീശങ്കറും. 32 ാമത് ദേശീയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും ഹരിയാന കുതിപ്പ് തുടരുന്നു. കേരളത്തിന്റെ ബാസ്‌കറ്റിലേക്ക് ഇന്നലെയും കാര്യമായി മെഡലുകള്‍ എത്തിയില്ല. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്നലെ കേരളത്തിന്റെ സമ്പാദ്യം. ഇതോടെ നാല് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി കേരളം മൂന്നാം സ്ഥാനത്ത് തന്നെ. ട്രാക്കിലും ഫീല്‍ഡിലും റെക്കോര്‍ഡുകളുടെ വരള്‍ച്ചയായിരുന്നു.
ഹാമര്‍ ത്രോയിലും ഷോട്ട്പുട്ടിലും മാത്രമാണ് ദേശീയ റെക്കോര്‍ഡ് മറികടന്നത്. ഹരിയാനയുടെ ആശിഷ് ജക്കറും പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കച്ച്‌നാര്‍ ചൗധരിയുമാണ് ദേശീയ റെക്കോര്‍ഡ് ജേതാക്കള്‍. ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയിയും ജാവലിന്‍ ത്രോയില്‍ പുഷ്പ ജക്കറും മീറ്റ് റെക്കോര്‍ഡ് മറികടന്നു.
രണ്ടു ദിനങ്ങളിലായി 36 ഫൈനലുകള്‍ പൂര്‍ത്തിയാവുമ്പോള്‍ 134 പോയിന്റു നേടിയാണ് ഹരിയാന ഒന്നാം സ്ഥാനത്ത് തുടരുന്നത്. 102 പോയിന്റുള്ള ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതെ നില്‍ക്കുന്ന നിലവിലെ ചാംപ്യന്‍ ടീമായ കേരളത്തിന് 98 പോയിന്റാണ് സമ്പാദ്യം. ആതിഥേയരായ തമിഴ്‌നാടാണ് നാലാം സ്ഥാനക്കാര്‍.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗം പോള്‍വോള്‍ട്ടില്‍ 3.05 മീറ്റര്‍ ഉയരം കീഴടക്കി അഞ്ജലി ഫ്രാന്‍സിസ് കേരളത്തിന് വെള്ളി സമ്മാനിച്ചു. 3.30 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ നിഷ ബാനു സ്വര്‍ണവും 2.90 മീറ്റര്‍ ചാടിയ യു.പിയുടെ മഹി പട്ടേല്‍ വെങ്കലവും നേടി.
മെഡല്‍ വേട്ടക്കാര്‍
പഞ്ചാബിന്റെ അമന്‍ജ്യോത് സിങ് സ്വര്‍ണം നടന്നു നേടിയതോടെയാണ് ദേശീയ ജൂനിയര്‍ മീറ്റിന്റെ രണ്ടാം ദിനത്തിന് തുടക്കമായത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 10000 മീറ്റര്‍ നടത്തത്തില്‍ 44:57.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അമന്‍ജ്യോത് സിങ് സ്വര്‍ണം നേടിയത്. ഹരിയാനയുടെ നവീന്‍ (46:11.50 ) വെള്ളിയും കേരളത്തിന്റെ വി.കെ അഭിജിത് (46:13.70) വെങ്കലവും നേടി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 10000 മീറ്ററില്‍ ഹരിയാനയുടെ രവീണ (52:27.33) സ്വര്‍ണം നേടി. കര്‍ണാടകയുടെ വന്ദന (53:17.56) വെള്ളി നേടിയപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ബന്ദന പട്ടേല്‍ (54:26.84) വെങ്കലത്തിന് അര്‍ഹയായി. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ 66.70 മീറ്റര്‍ ദൂരം എറിഞ്ഞ രാജസ്ഥാന്റെ നിതേഷ് പൂനിയക്കാണ് സ്വര്‍ണം. ഉത്തര്‍പ്രദേശിന്റെ അര്‍ണവ് യാവദ് (61.90) വെള്ളിയും ഡല്‍ഹിയുടെ മോഹിത് റാണ (59.85) വെങ്കലവും നേടി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ട്രയാത്ത്‌ലണില്‍ മഹാരാഷ്ട്രയുടെ സല്‍മാന്‍ഖാന്‍ 1674 പോയിന്റുമായി സ്വര്‍ണത്തിന് ഉടമയായി. ഹരിയാനയുടെ അജയ് ശര്‍മ (1650) വെള്ളിയും ഒഡിഷയുടെ റൗത്ത് സിങ്ങ് (1617) വെങ്കലത്തിനും അര്‍ഹനായി.
ഹര്‍ഡിലില്‍ തട്ടി കേരളം
ട്രാക്കില്‍ ഇന്നലെയും കേരളത്തിന് കാര്യമായ നേട്ടമില്ല. ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയുടെയും മുഹമ്മദ് ലസാന്റെ വെങ്കലവും 600 മീറ്ററിലെ യു ആതിരയുടെ വെള്ളിയും മാത്രമാണ് കേരളത്തിന് ആശ്വസിക്കാന്‍ വകനല്‍കിയത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ അല്‍ഡന്‍ നൊറോഹ 14.2 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ആന്ധ്രാപ്രദേശിന്റെ ജി ഗോപിചന്ദ് (14.4 ) വെള്ളിയും, ഡല്‍ഹിയുടെ കുനാല്‍ ചൗധരി (14.6) വെങ്കലവും നേടി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ പരാസ് പാട്ടീലിനാണ് സ്വര്‍ണം. വെള്ളിയും വെങ്കലവും ബംഗാളിന്റെ ദേബര്‍ജാനും തമിഴ്‌നാടിന്റെ ആര്‍ ലോകേശ്വറും നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ യു.പിയുടെ റിതിക സിങ് സ്വര്‍ണം നേടി. ജാര്‍ഖണ്ഡിന്റെ സപ്നകുമാര്‍ വെള്ളി നേടിയപ്പോള്‍ മഹാരാഷ്്ട്രയുടെ മാനസിക്കാണ് വെങ്കലം. കേരളം സ്വര്‍ണ പ്രതീക്ഷ പുലര്‍ത്തിയ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജാര്‍ഖണ്ഡിന്റെ അനുരൂപ സ്വര്‍ണം നേടി. തമിഴ്‌നാടിന്റെ സി കനിമൊഴി വെള്ളിയും മഹാരാഷ്ട്രയുടെ അങ്കിത ഗോസാമി വെങ്കലവും നേടിയപ്പോള്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ഡൈബി സെബാസ്റ്റ്യന് നാലാമത് എത്താനെ കഴിഞ്ഞുള്ളൂ.
600 ന്റെ ട്രാക്കിലും നിരാശ
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ തെലങ്കാനയുടെ ഡി ഭാഗ്യലക്ഷ്മി 1:36.57 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കേരളത്തിനായി ട്രാക്കിലോടിയ യു ആതിര (1:37.74)യ്ക്കാണ് വെള്ളി. മഹാരാഷ്ട്രയുടെ പല്ലവി (1:38.22) വെങ്കലം നേടി. ഇതേയിനത്തിലെ ആണ്‍കുട്ടികളുടെ പോരാട്ടത്തില്‍ യു.പിയുടെ വിനിത് യാദവ് സ്വര്‍ണവും ബിഹാറിന്റെ ശിവാം വെള്ളിയും ആന്ധ്രയുടെ സി ചന്ദ്രാസ് വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."