ആദിവാസികളെങ്കിലും മലങ്കുറവര്‍ പട്ടികജാതി ലിസ്റ്റില്‍
പാലക്കാട്: ആദിവാസികളെങ്കിലും കിര്‍ത്താഡ്‌സിന്റെ പഠനത്തില്‍ മലബാറിലെ മലങ്കുറവര്‍ പട്ടികജാതി ലിസ്റ്റില്‍. എന്നാല്‍, തെക്കന്‍ ജില്ലകളിലുള്ളവരെ ആദിവാസി ലിസ്റ്റില്‍ പെടുത്തിയിട്ടുമുണ്ട്.
1931ല്‍ നടന്ന സെന്‍സസില്‍ കേരളത്തില്‍ 95,295 മലങ്കുറവരാണ് ഉണ്ടായിരുന്നത്. 2011ല്‍ ഇത് 320 ആയി കുറഞ്ഞു. കോഴിക്കോട്ടെ കിര്‍ത്താഡ്‌സാണ് കേരളത്തില്‍ ജാതികളെ കുറിച്ച് പഠനം നടത്തുന്നത്. പാലക്കാട് ജില്ലയില്‍ എലപ്പുള്ളി, പുതുശേരി ഗ്രാമപ്പഞ്ചായത്തുകളിലായി നൂറോളം മലങ്കുറവര്‍ കുടുംബങ്ങളാണുള്ളത്. ഈ രണ്ടു പഞ്ചായത്തുകളിലെ വികസന രേഖകളില്‍ മലങ്കുറവരെ കുറിച്ചൊന്നും പറയുന്നില്ല. എന്നാല്‍, പട്ടികവര്‍ഗക്കാര്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ജാതി രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിലെ പ്രമുഖ നരവംശ ശാസ്ത്രജ്ഞന്മാരായ എല്‍.എ കൃഷ്ണ അയ്യരും പി.ആര്‍.ജി മാത്തൂരും എഴുതിയ പുസ്തകങ്ങളില്‍ കേരളത്തിലെ മലങ്കുറവര്‍ വനങ്ങളില്‍ നിന്ന് മുള ശേഖരിച്ച് കൊട്ട, വട്ടി, തട്ടിക എന്നിവ ഉണ്ടാക്കി ജീവിക്കുന്നവരാണെന്നും പാരമ്പര്യമായി ആദിവാസികളാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട് .
1950ന് മുന്‍പ് കാടിന്റെ മക്കളായ മലങ്കുറവന്മാര്‍ പട്ടികവര്‍ഗക്കാരായിരുന്നുവെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തുന്ന എലപ്പുള്ളി ഇരട്ടകുളം കൈതക്കുഴി സ്വദേശിയും മലങ്കുറവ സമുദായക്കാരനുമായ ബാലസുബ്രഹ്മണ്യന്‍ പറയുന്നു. കേരളം രൂപീകൃതമായ 1956ന് ശേഷമാണ് മലങ്കുറവര്‍ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. മുന്‍പ് പാലക്കാട് ജില്ല മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മലങ്കുറവരെക്കുറിച്ച് ചിറ്റൂര്‍ ഗവ. കോളജ് തമിഴ് വിഭാഗം മേധാവി. ഡോ. ജി. മുത്തുലക്ഷ്മി നടത്തിയ പഠനത്തിലും മലങ്കുറവര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ടവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ജാതി, പട്ടികജാതിയാണെന്ന ഉദ്യോഗസ്ഥരുടെ കണ്ടെത്തലിനെതിരേ പോരാട്ടം നടത്തിവരുകയാണ് ബാലസുബ്രഹ്മണ്യന്‍. ഇപ്പോഴും പാലക്കാട് ജില്ലയിലെ മലങ്കുറവര്‍ കാട്ടില്‍ നിന്ന് മുളവെട്ടി കൊണ്ടുവന്ന് വട്ടിയും കൊട്ടയും ഉണ്ടാക്കി ജീവിക്കുന്നവരാണ്. ഇപ്പോള്‍ കിര്‍ത്താഡ്‌സും ഇവരെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ഏറെ പരാതികള്‍ക്കു ശേഷമാണ് കിര്‍ത്താഡ്‌സിന്റെ പഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."