ചില്ലറയല്ല 'ചില്ലറ'ക്കാര്യം
സുനി അല്‍ഹാദി
കൊച്ചി: 500,1000 രൂപ പിന്‍വലിച്ചതിനുശേഷം മൂന്നാം ദിനവും ബദല്‍ സംവിധാനത്തിന്റെ അപര്യാപ്തതമൂലം ജനം പൊറുതിമുട്ടി. രണ്ടു ദിവസത്തെ അവധിക്കുശേഷം ഇന്നലെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന അറിയിപ്പിനെ തുടര്‍ന്ന് രാവിലെ മുതല്‍ തന്നെ വിവിധ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ജനം തടിച്ചു കൂടിയിരുന്നു. എന്നാല്‍ ചുരുക്കം ചില ബാങ്കുകളിലെ എ.ടി.എമ്മുകളില്‍ നിന്നു മാത്രമാണ് പണം ലഭ്യമായത്. അതാകട്ടെ മണിക്കൂറുകള്‍ക്കകം നിലക്കുകയും ചെയ്തു.
ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എ.ടി.എമ്മുകള്‍ മാത്രമാണ് കുറച്ചുസമയമെങ്കിലും പ്രവര്‍ത്തിച്ചത്. പണം നിറയ്ക്കാന്‍ പുറംകരാര്‍ നല്‍കിയിരിക്കുന്ന എ.ടി.എമ്മുകള്‍ക്ക് മുന്നിലെത്തിയവര്‍ പണം ലഭിക്കാതെ നിരാശരായി മടങ്ങി. 100,50 രൂപകളുടെ ക്ഷാമവും പുതിയ 2000 രൂപ വെക്കാനുള്ള സോഫ്റ്റ്് വെയര്‍ ഇല്ലാതിരുന്നതും എ.ടി.എം പ്രവര്‍ത്തനത്തെ താളംതെറ്റിച്ചു.
ബാങ്കില്‍ നിന്ന് പണം ലഭിച്ചെങ്കില്‍ മാത്രമെ പുറംകരാറുകാര്‍ക്ക് എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ കഴിയൂ. പിന്‍വലിച്ച നോട്ടുകളുടെ സ്ഥാനത്ത് ചില്ലറ നോട്ടുകള്‍ കൂടുതല്‍ വെക്കേണ്ടിവന്നതിനാല്‍ മണി ട്രേയിലെ സ്ഥലപരിമിതിയും പ്രശ്‌നമായി. രണ്ടായിരം രൂപയാണ് ഓരോരുത്തര്‍ക്കും ലഭ്യമായിരുന്ന കൂടുതല്‍ തുകയെങ്കിലും എ.ടി.എമ്മിലെ പണം വേഗം തീരുകയായിരുന്നു. തുടര്‍ന്ന് ക്യൂവില്‍ കാത്ത് നിന്നവരൊക്കെ പണം ലഭിക്കാതെ മടങ്ങി.
നിലവില്‍ പഴയ നോട്ടുകള്‍ വെക്കാനുള്ള സോഫ്റ്റുവെയറുകളാണ് എ.ടി.എമ്മുകളിലുള്ളതിനാല്‍ എ.ടി.എമ്മിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലെത്താന്‍ ദിവസങ്ങളെടുക്കുമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന. പുതിയ 500, 2000 നോട്ടുകള്‍ വെക്കാനുള്ള സോഫ്റ്റ്‌വെയര്‍ അപ്്‌ലോഡ് ചെയ്യേണ്ടതുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതിനുശേഷമെ ഈ സംവിധാനം ഏര്‍പ്പെടുത്താനും ബാങ്കുകള്‍ക്ക് സാധിക്കു.
എന്നാല്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും ഇന്നലെയും അസാധുവായ നോട്ടുകള്‍ മാറാന്‍ എത്തിയവരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ എത്തിയവരുടെയും നീണ്ട നിര കാണാമായിരുന്നു. നാലായിരം രൂപവരെ മാറി നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നെങ്കിലും ക്യൂവില്‍ നിന്നവര്‍ക്ക് ആയിരം രൂപപോലും തികച്ച് ലഭിക്കാത്ത അവസ്ഥയുമുണ്ടായി.
ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പതിനായിരം രൂപവരെ പിന്‍വലിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും തുക തികച്ച് ലഭ്യമാകാതെ പലരും മടങ്ങി. ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ചില ബ്രാഞ്ചുകളിലെല്ലാം ബാങ്ക് ജീവനക്കാരും ഇടപാടുകാരുമായി തര്‍ക്കങ്ങളുമുണ്ടായി. ആദ്യദിനംപോലെ ഇന്നലെയും മിക്ക ബാങ്കുകളും അധിക കൗണ്ടറുകള്‍ തുറന്നിരുന്നു. ജീവനക്കാര്‍ ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് മിക്ക ബാങ്കുകളിലും ഇടപാട് നടത്തിയത്.
വിപണിയില്‍ മാന്ദ്യം;
അവശ്യസാധനങ്ങള്‍ പോലും
വാങ്ങാനാവാതെ ജനം
കൊച്ചി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറി കിട്ടാത്തത് വിപണികളെയും സാരമായി ബാധിച്ചു തുടങ്ങി. പഴം-പച്ചക്കറി വ്യാപാരം അമ്പത് ശതമാനമായാണ് ഇടിഞ്ഞത്. സാധനം വാങ്ങാനെത്തുന്നവര്‍ പിന്‍വലിച്ച 500,1000 രൂപ നോട്ടുകളുമായെത്തിയതാണ് വ്യാപാരത്തെ സാരമായി ബാധിച്ചത്. ചിലര്‍ ബാങ്കുകളില്‍ നിന്നും ലഭിച്ച പുതിയ രണ്ടായിരത്തിന്റെ നോട്ടുമായെത്തിയെങ്കിലും ബാക്കി കൊടുക്കാന്‍ സാധിക്കാതെ കച്ചവടക്കാരും വിഷമിച്ചു.
എറണാകുളം മാര്‍ക്കറ്റില്‍ ദിനംപ്രതി 14 ലോഡ് പച്ചക്കറികളാണ് എത്തുന്നത്. ഓരോ മൊത്തകച്ചവടക്കാരനും അമ്പതിനായിരം വീതം രൂപയുടെ കച്ചവടമാണ് ദിനംപ്രതി നടത്തുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ട് ദിവസവും വിപണി മാന്ദ്യത്തിലേക്ക് പോകുന്ന സ്ഥിതിവിശേഷമാണുണ്ടായത്.
മൊത്ത വിപണിയില്‍ കടമായി വ്യാപാരം നടന്നെങ്കിലും ചില്ലറ വിപണിയെ 'നോട്ട് പിന്‍വലിക്കല്‍' സാരമായി ബാധിച്ചു. ചിലര്‍ ചെക്ക് വാങ്ങിയാണ് കച്ചവടം നടത്തിയത്. അരി,പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിപണിയില്‍ 80 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതായാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മത്സ്യവിപണിയിലാകട്ടെ 25000 ത്തിന്റെ കച്ചവടം നടന്നിടുത്ത് 10000 രൂപയായി കുറഞ്ഞു
ഓട്ടോയില്‍ കയറാനും ആളില്ല
ഓട്ടോ സ്റ്റാന്‍ഡുകളിലും ഇന്നലെ നീണ്ട ക്യൂ കാണാമായിരുന്നു. വണ്ടിയില്‍ കയറുന്നതിനുമുമ്പ് പിന്‍വലിച്ച നോട്ടുകളാണോ കൈയിലുള്ളതെന്ന് ചോദിച്ചിട്ടായിരുന്നു പലരും യാത്ര ആരംഭിച്ചത്. അഞ്ഞൂറും ആയിരവുമായി യാത്രക്കെത്തിയവരുടെയൊക്കെ യാത്ര മുടങ്ങുകയായിരുന്നു.
പുതിയ രണ്ടായിരത്തിന്റെ നോട്ടുമായി യാത്രക്കെത്തിയവര്‍ക്ക് ബാക്കി കൊടുക്കാന്‍ കഴിയാതെയും ഓട്ടോറിക്ഷാത്തൊഴിലാളികള്‍ വലഞ്ഞു.
യാത്രക്കാര്‍ അപരിചിതരായതിനാല്‍ ചാര്‍ജ് പിന്നെതന്നാല്‍ മതിയെന്ന് പറയാന്‍ കഴിയില്ലെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.
രോഗികളും വലഞ്ഞു
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയവരും ഇന്നലെ ചികിത്സ ലഭിക്കാതെ വലഞ്ഞു. 500,1000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡുകള്‍ കണ്ട് പലരും ആശുപത്രി വിട്ടു.
രണ്ടായിരത്തിന്റെ പുതിയ നോട്ടുമായി എത്തിയവര്‍ക്കാകട്ടെ ബാക്കി തിരിച്ച് നല്‍കാന്‍ കഴിയാതെ ഫാര്‍മസികളും വലഞ്ഞു.
എന്നാല്‍ ചില അത്യവശ്യ സ്‌കാനിങ്ങുകള്‍ പണം പിന്നെ തന്നാല്‍മതിയെന്ന വ്യവസ്ഥയില്‍ ചെയ്തുകൊടുത്ത ആശുപത്രികളുമുണ്ട്. വിവിധ പരിശോധനാലാബുകളിലും ഇന്നലെ തിരക്ക് കുറവായിരുന്നു.
നോട്ട് ക്ഷാമം: തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിലെ മത്സ്യക്കച്ചവടം താല്‍ക്കാലികമായി നിറുത്തി
മട്ടാഞ്ചേരി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഹാര്‍ബറിലെ വാണിജ്യമാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയും നൂറിന്റെ നോട്ടുകളുടെ ക്ഷാമവും മൂലം നിറുത്തേണ്ടി വന്നിരിക്കുന്നത്.
മത്സ്യ ഇടപാടുകള്‍ക്ക് പണം നല്‍കുന്നതിന് വേണ്ടത്ര പണം എടുക്കാനാവാത്തതും ബോട്ടിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് ആവശ്യത്തിന് ചില്ലറ നോട്ടുകള്‍ ഇല്ലാത്തതുമാണ് കച്ചവടം താല്‍ക്കാലികമായി നിറുത്താന്‍ കച്ചവടക്കാരും തൊഴിലാളികളും ബോട്ട് ഉടമകളും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നതെന്ന് ബയിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എ.എം നൗഷാദ്, എം.മജീദ് എന്നിവര്‍ പറഞ്ഞു.
വിവാഹ ചെലവിന് നോട്ട് മാറാനെത്തിയത് 40 സ്ത്രീകള്‍
മട്ടാഞ്ചേരി: അയല്‍വാസിയുടെ മകളുടെ വിവാഹത്തിനുള്ള പണം മാറ്റിയെടുക്കാന്‍ ഒരു പ്രദേശത്തെ മുഴുവന്‍ സ്ത്രീകളും ഒരുമിച്ച് ബാങ്കിലെത്തി.
ഒത്തൊരുമയുടെ ശക്തിയില്‍ അവര്‍ ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ പുതിയ നോട്ടുകള്‍ കരസ്ഥമാക്കി മടങ്ങി.
കല്യാണച്ചെലവുകള്‍ക്കും മറ്റും സ്വരൂ കൂട്ടിയ അസാധുവാക്കപ്പെട്ട നോട്ടുകള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന വീട്ടുകാര്‍ക്ക് ഈ ചേരിയിലെ സ്ത്രീകളുടെ കൂട്ടായ്മ മാതൃകയാക്കാവുന്നതാണ്.
അയല്‍വാസിയുടെ മകളുടെ വിവാഹ ചെലവിന് കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ നോട്ടുകള്‍ കമ്പോളത്തില്‍ ചെലവാകില്ലെന്നറിഞ്ഞ് വിഷമിക്കുന്ന ഒരു കുടുംബത്തിന്റെ ദു:ഖമകറ്റാന്‍ കണ്ടെത്തിയ വഴിയായിരുന്നു ഈ കൂട്ടായ്മ. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സഹകരിച്ചുവെന്നത് പറമ്പിലെ വീട്ടുകാരുടെ അടുപ്പമാണ് വെളിവാക്കിയത്.
മട്ടാഞ്ചേരിയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഇവര്‍ പണം മാറ്റി വാങ്ങാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."