ഗോധ്ര സംഭവം: മുഖ്യ പ്രതിയെന്നു കരുതുന്നയാള്‍ 14 വര്‍ഷത്തിനു ശേഷം പിടിയില്‍
അഹമദാബാദ്: 59 പേരുടെ മരണത്തിനിടയാക്കിയ 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ്പ് സംഭവത്തിലെ മുഖ്യപ്രതിയെന്നു കരുതുന്നയാളെ 14 വര്‍ഷത്തിനു ശേഷം പിടികൂടി. 2002 ഫെബ്രുവരി 27നു സബര്‍മതി എക്‌സ്പ്രസ് അഗ്‌നിക്കിരയാക്കിയ സംഭവത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഫറൂഖ് ഭന്നയെയാണ് അന്വേഷണ സംഘമായ എ.ടി.എസ് അറസ്റ്റ് ചെയ്തത്. ഭന്നയെ ഇന്നലെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഭന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനാണെന്നു അന്വേഷണ സംഘം വ്യക്തമാക്കി. ഗോധ്രയില്‍ നിന്നു മുംബൈയ്ക്കു പോകും വഴി സെന്‍ട്രല്‍ ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ കലോലില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
സബര്‍മതി ട്രെയിനിലെ ഒരു കോച്ചാണ് ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ അഗ്‌നിക്കിരയായത്. കൊല്ലപ്പെട്ട 59 പേരില്‍ അധികവും ഉത്തര്‍പ്രദേശില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകരായിരുന്നു.
ഗൂഢാലോചനയില്‍ പ്രധാന പ്രതിയായ ഭന്ന ഗോധ്ര സ്റ്റേഷനു സമീപത്തുള്ള അമന്‍ ഗസ്റ്റ് ഹൗസില്‍ വച്ച് മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായെന്നു അന്വേഷണ സംഘം പറയുന്നു. രണ്ടു മണിക്കെത്തിച്ചേരേണ്ട തീവണ്ടി ഏഴു മണിക്കു മാത്രമേ എത്തുവെന്നും 70 ലിറ്റര്‍ പെട്രോള്‍ സൂക്ഷിക്കണമെന്നും ഗസ്റ്റ് ഹൗസില്‍ നടന്ന ഗൂഢാലോചനയില്‍ ഭന്ന നിര്‍ദ്ദേശിച്ചതായും എ.ടി.എസ് സംഘം പറഞ്ഞു.
സുപ്രിംകോടതിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഇയാളെ കൈമാറുമെന്നു അന്വേഷണ സംഘം വ്യക്തമാക്കി.
സബര്‍മതി എക്‌സ്പ്രസിന്റെ എസ് ആറ് കോച്ച് ഒരു സംഘം കത്തിച്ചുവെന്നാണ് കേസ്. 2011 ല്‍ 31 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രത്യേക കോടതി 63 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു.
അതിനിടെ പ്രതികള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞ വര്‍ഷം വാദം പൂര്‍ത്തിയാക്കി വിധി കാത്തിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് യി.സി ബാനര്‍ജി കമ്മിഷനെ നിയമച്ചിരുന്നു. തീപ്പിടിത്തം ആക്‌സ്മികമാണെന്നായിരുന്നു കമ്മിഷന്‍ കണ്ടെത്തല്‍. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയമിച്ച ജി.ടി നാനാവതി- അക്ഷയ മേത്ത കമ്മിഷന്‍ സംഭവം ആസൂത്രിതമാണെന്ന നിലപാടിലാണ് എത്തിച്ചേര്‍ന്നത്.
ഗുജറാത്ത് വംശീയ കലാപത്തിനു വഴിമരുന്നിട്ട സംഭവമെന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു ഗോധ്രയിലെ ട്രയിന്‍ കത്തിക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."