ആരോഗ്യ മേഖലയില്‍ മലബാറിന് അവഗണന; പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ മലബാറിനോടുള്ള അവഗണന തുടരുന്നു. മലബാറിലെ പ്രധാന തസ്തികകളില്‍ ഇപ്പോഴും ആളില്ല. കൊതുകുജന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി, മന്ത് എന്നിവയും പ്രാണികള്‍ പരുത്തുന്ന കുരങ്ങുപനി, ചെള്ള്പനി തുടങ്ങിയവയും നിയന്ത്രിക്കാനായി രൂപീകരിക്കപ്പെട്ട ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ തസ്തികകള്‍ പല ജില്ലകളിലും നികത്തപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ അവഗണന നേരിടുകയാണിവ.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകളുടെ ചുമതല വഹിക്കേണ്ട ബയോളജിസ്റ്റ് തസ്തികകള്‍ അഞ്ചെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ നാലും മലബാര്‍ ജില്ലകളിലാണ്. അര്‍ഹരായവരെ ഉള്‍പ്പെടുത്തിയുള്ള മുന്‍ഗണനാ ലിസ്റ്റ് ആരോഗ്യവകുപ്പിന്റെ ഡയറക്ടറേറ്റിലെ ചുവപ്പുനാട കുരുക്കിലാണ്.
മന്ത് രോഗ വ്യാപന സാധ്യത കൂടുതലുള്ള ജില്ലയായ പാലക്കാട്ടു വര്‍ഷങ്ങളായി ജില്ലാ മലേറിയ ഓഫിസറില്ല. ജില്ലയില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്ഥനില്ലാത്ത അവസ്ഥയാണ്. ഈ ജില്ലയുടേതുള്‍പ്പെടെ മറ്റു രണ്ടിടത്തെ മലേറിയ ഓഫിസര്‍മാര്‍ ഡെപ്യൂട്ടേഷനിലാണ്. സുപ്രധാന തസ്തികകളിലുള്ളവരെ ഇത്തരത്തില്‍ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ് ഇതിലൂടെ നടക്കുന്നത്. അസിസ്റ്റന്റ് എന്റമോളജിസ്റ്റ് തസ്തികകള്‍ അഞ്ചെണ്ണം ഇതോടൊപ്പം ഒഴിഞ്ഞു കിടക്കുന്നു.
പ്രസക്തിയില്ലാത്ത കേസുകളുടെയും മറ്റും പേരിലും ആരോഗ്യവകുപ്പിലെ ചില സ്ഥാപിത താല്‍പര്യക്കാരുടെ ഇഷ്ടങ്ങള്‍ അനുസരിച്ചും അര്‍ഹരായവരുടെ പ്രമോഷനുകള്‍ തടയുകയും നീതി നിഷേധിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു.
അതുപോലെ തന്നെ വര്‍ഷങ്ങളായി സര്‍ക്കാര്‍, ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലുള്ളവര്‍ക്ക് ഇന്‍സര്‍വീസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നിങ് നല്‍കിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ഇപ്പോഴും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകളില്‍ പ്രമോഷന്‍ ലഭിക്കാതെ ജോലി ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."