കള്ളപ്പണമിടപാടുകള്‍ കണ്ടെത്തുന്നതിന് കേന്ദ്ര ഏജന്‍സികള്‍ പരിശോധന തുടങ്ങി
കൊച്ചി: കറന്‍സികള്‍ അസാധുവാക്കിയതിന് പിന്നാലെ കള്ളപ്പണമിടപാടുകള്‍ കണ്ടെത്തുന്നതിന് കേന്ദ്ര ഏജന്‍സികള്‍ പരിശോധന തുടങ്ങി.
കൊച്ചിയിലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ രണ്ടു ദിവസമായി പരിശോധന നടത്തിവരികയാണ്. ഹവാല ഇടപാടുകള്‍ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പും ചില കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പ്രധാന ജ്വല്ലറികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഒരിടത്തും കള്ളപ്പണ ഇടപാടുകള്‍ നടന്നതായി കേന്ദ്ര ഏജന്‍സികളുടെ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കറന്‍സി ക്ഷാമത്തിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനക്ക് എത്തിയതോടെ മിക്കവാറും ഫോറെക്‌സ് സ്ഥാപനങ്ങള്‍ കറന്‍സി ഇടപാടുകള്‍ നിര്‍ത്തിവെച്ചു. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ പണം മാറ്റിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഫോറെക്‌സ് സ്ഥാപനങ്ങള്‍. രാജ്യത്തെ 67 ഫോറെക്‌സ് സ്ഥാപനങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലുള്ളത്. ഇവര്‍ 500, 1000 നോട്ടുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കേന്ദ്ര റവന്യു വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. കൊച്ചിയില്‍ നടന്ന പരിശോധനയില്‍ ഒരു ഫോറെക്‌സ് സ്ഥാപനത്തിലും കള്ളപ്പണ ഇടപാട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസ് പിടികൂടിയ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട ആദായനികുതി വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപകമായ റെയ്ഡുകളോ പരിശോധനകളോ നടന്നിട്ടില്ലെന്ന് ഇന്‍കം ടാക്‌സ് വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."