വോട്ട് പെട്ടിയിലാക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 200 കോടി
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: കേരളം അടുത്ത അഞ്ചു വര്‍ഷം ആരു ഭരിക്കുമെന്ന് ഇന്നു വിധി തീരുമാനിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് 200 കോടിയിലധികം രൂപ. ഇപ്പോള്‍ തന്നെ 175 കോടിയിലെത്തി ചെലവ്. ഇനി ഏതാണ്ട് 25 കോടിയെങ്കിലും വേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രം നൂറുകോടി ചെലവിട്ടിട്ടുണ്ട്.
70 കോടിയായിരുന്നു ബജറ്റ് വിഹിതം നല്‍കിയിരുന്നത്. പൊലിസിന് സുരക്ഷയൊരുക്കാന്‍ ചെലവാകുന്നത് 85 കോടി രൂപയാണ്. 125 കമ്പനി കേന്ദ്ര സേനയെ എത്തിച്ചതിന്റെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സേനയെ കൊല്‍ക്കത്തയില്‍ നിന്നും വിമാനമാര്‍ഗം കേരളത്തിലെത്തിച്ചതിനു മാത്രം 19.5 കോടി രൂപ ചെലവായിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ചെലവായത് 110 കോടി രൂപയായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരാണ് നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ പൂര്‍ണമായും സംസ്ഥാനങ്ങളാണ് ചെലവ് വഹിക്കേണ്ടത്.
കണ്ണൂരും മലപ്പുറവും ഒഴികെയുള്ള ജില്ലാകലക്ടര്‍ന്മാര്‍ മൂന്നു കോടി രൂപ വീതമാണ് കമ്മിഷനോട് ആവശ്യപ്പെട്ടത്. കൂടാതെ വിവിധ വകുപ്പുകള്‍ സര്‍ക്കാരില്‍ നിന്നും മറ്റു ചെലവുകള്‍ക്കുള്ള പണം കൈപറ്റിയിരുന്നു. ഏറ്റവുമധികം മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമുള്ള മലപ്പുറത്തും ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തകളുള്ള കണ്ണൂരിലും ഏഴുകോടി രൂപയാണ് കലക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. കലക്ടര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ 39 കോടി നല്‍കി. പിന്നീട് പലപ്പോഴായി 50 കോടിക്ക് മുകളില്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ഫലപ്രഖ്യാപനം കഴിഞ്ഞ് അവര്‍ ഇതുവരെയുള്ള കണക്ക് നല്‍കുമ്പോള്‍ ബാക്കി നല്‍കാനാണ് കമ്മിഷന്റെ തീരുമാനം.
1,11,897 ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഇവരുടെ അലവന്‍സ്, ഇവരെ കൂടാതെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അലവന്‍സ്, യാത്രാചെലവ്, പരിശീലനം, പോളിങ് രേഖകളുടെ പ്രിന്റിങ്, സ്റ്റേഷനറി സാധനങ്ങളുടെ ശേഖരണം, നിരീക്ഷകരുടെ ചെലവ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, ഭക്ഷണം, വീഡിയോ റെക്കോഡിങ്, വെബ് കാസ്റ്റിംഗ് എന്നിവയാണ് തെരഞ്ഞെടുപ്പിനുള്ള പ്രധാന ചെലവുകള്‍. ബൂത്തുകള്‍ ഒരുക്കലും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സജ്ജമാക്കുന്നതുമായിരുന്നു വലിയ ചെലവായിരുന്നത്.
പ്രിന്റിങിന് പത്തുകോടിയും സ്റ്റേഷനറിക്ക് ഏഴരക്കോടിയും ചെലവായി. ഇന്ധന ചെലവായും വാടകയിനത്തിലും ഇനിയും കോടികള്‍ നല്‍കണം. പ്രശ്‌നബാധിത ബൂത്തുകളില്‍ വിഡിയോഗ്രാഫി, വെബ്കാസ്റ്റിംഗ്, ഹോട്ട് ലൈന്‍, വയര്‍ലെസ്, മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളോടുകൂടിയ വാര്‍ത്താവിനിമയ സംവിധാനങ്ങളും സജ്ജമാക്കിയതിനും കോടികള്‍ ചെലവുണ്ടായി. മൈസൂര്‍ പെയിന്റ്‌സില്‍ നിന്ന് വിരലില്‍ പുരട്ടാനുള്ള മഷി വാങ്ങാന്‍ ഒരുകോടി ചെലവിട്ടു. തദ്ദേശതെരഞ്ഞെടുപ്പില്‍ 100 കോടി ചെലവിട്ട് 37,500 വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങേണ്ടിവന്നെങ്കില്‍ ഇത്തവണ ബീഹാര്‍, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച യന്ത്രങ്ങള്‍ എത്തിക്കുകയായിരുന്നു.
സുരക്ഷയൊരുക്കാന്‍ ആവശ്യത്തിന് തുക ചെലവഴിക്കാന്‍ ഡി.ജി.പിക്ക് ആഭ്യന്തരസെക്രട്ടറി അനുമതി നല്‍കിയിരുന്നു. കേന്ദ്രസേനയുടെ താമസം, ഭക്ഷണം, യാത്ര, വിന്യാസം മടക്കയാത്ര എന്നിവയ്‌ക്കെല്ലാമുള്ള ചെലവ് പൊലിസാണ് വഹിക്കുന്നത്. സുരക്ഷാ ചെലവുകളുടെ അന്തിമവിവരങ്ങള്‍ പൊലിസ് അടുത്തദിവസം ആഭ്യന്തരവകുപ്പിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."