500 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ എത്തി
ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപയുടെ നോട്ടിനു പകരമായി പുതുതായി അച്ചടിച്ച നോട്ടുകള്‍ വിതരണത്തിനായി റിസര്‍വ് ബാങ്കില്‍ എത്തി. മഹാരാഷ്ട്ര നാസികിലെ കറന്‍സി നോട്ട് പ്രസ്സില്‍ നിന്ന് അച്ചടിച്ച 50 ലക്ഷം 500 നോട്ടുകളാണ് റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിച്ചത്. ബുധനാഴ്ചയോടെ മറ്റൊരു 50 ലക്ഷം നോട്ടുകള്‍ കൂടി എത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പഴയ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും കുറച്ച് 500 രൂപാ നോട്ടുകള്‍ മാത്രമാണ് വിതരണത്തിന് എത്തിച്ചിരുന്നത്. ബാങ്കുകളില്‍ നിന്ന് പണം മാറ്റിയെടുക്കുന്നവര്‍ക്ക് 2000 രൂപയുടെ നോട്ടുകളാണ് കൂടുതലും ലഭിച്ചത്. ഇതാകട്ടെ 1000, 500 നോട്ടുകളുടെ അഭാവം മൂലം മാറ്റിയെടുക്കാന്‍ കഴിയുന്നുമില്ല. രണ്ടായിരം രൂപയുടെ നോട്ട് കൊടുത്ത് ചില്ലറയില്ലാത്തതിന്റെ പേരില്‍ ്യാപാരസ്ഥാപനങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഇതുവരെ വിതരണം ചെയ്ത 2000, 500 നോട്ടുകള്‍ മൈസൂരിലും ബംഗാളിലെ സാല്‍ബാനിയിലുമുള്ള സര്‍ക്കാറിന്റെ സെക്യുരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പ്പറേഷന്‍ പ്രസ്സുകളിലാണ് അച്ചടിച്ചത്. ഇപ്പോള്‍ നാസികിലെയും മധ്യപ്രദേശിലെ ദേവാസിലെയും പ്രസ്സുകളിലാണ് ബാക്കിയുള്ളവ അച്ചടിക്കുന്നത്. 400 ദശലക്ഷം 500 നോട്ടുകള്‍ ഈ സാമ്പത്തിക വര്‍ഷം അച്ചടിക്കാനാണ് നാസികിലെ പ്രസ്സുകള്‍ക്ക് നല്‍കിയ നിര്‍ദേശം. രണ്ടാഴ്ച മുമ്പാണ് പ്രിന്റിങ് തുടങ്ങിയത്. 100,50,20 രൂപയുടെ നോട്ടുകളും ഇതേ പ്രസ്സില്‍ ഇതുപോലെ പുതുതായി അച്ചടിക്കുന്നുണ്ട്. നോട്ടുകള്‍ക്ക് പുറമെ സര്‍ക്കാര്‍ രേഖകള്‍, നാണയങ്ങള്‍ തുടങ്ങിയവയാണ് സെക്യുരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പ്പറേഷന്‍ പ്രസ്സുകളില്‍ അച്ചടിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."