വെറ്ററിനറി സര്‍വകലാശാല; പൂക്കോട് ഡയറി കോളജ് പൂട്ടുന്നു
കല്‍പ്പറ്റ: വയനാട്ടിലെ പൂക്കോടുള്ള ഡയറി കോളജ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല പൂട്ടുന്നു. ക്ലാസ് മുറിയും ഹോസ്റ്റലും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍വകലാശാല നീക്കം. പൂക്കോട് ഡയറി കോളജിലുള്ള വിദ്യാര്‍ഥികളെ മണ്ണുത്തി കാംപസിലേക്ക് മാറ്റാനാണ് പദ്ധതി. ഇതു സംബന്ധിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ അധ്യക്ഷനായ ഉപസമിതി കഴിഞ്ഞ ദിവസം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം.
60ഓളം വിദ്യാര്‍ഥികളാണ് ഡയറി കോളജിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പൂക്കോട് കാംപസിലെ ഡയറി കോളജിന്റെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റാണ് ഉപസമിതിയെ നിയോഗിച്ചത്. 2000ല്‍ മണ്ണുത്തി കാംപസില്‍ ഡയറി പൂക്കോട് ബാച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയെങ്കിലും കഴിഞ്ഞ അധ്യയന വര്‍ഷമാണ് സര്‍വകലാശാല ആസ്ഥാനത്ത് ഡയറി കോളജ് പ്രവര്‍ത്തനം തുടങ്ങിയത്. ആദിവാസി പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുത്ത വനഭൂമിയുടെ ഭാഗമാണ് സര്‍വകലാശാലയുടെ കൈവശം പൂക്കോട് മലവാരത്തുള്ള 100 ഏക്കര്‍.
ഈ ഭൂമിയില്‍ സര്‍വകലാശാല നിര്‍മാണങ്ങള്‍ നടത്തുന്നത് ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചതിനുസരിച്ച് സംസ്ഥാന വനം-വന്യജീവി വകുപ്പും തടഞ്ഞിരിക്കുകയാണ്. ആദിവാസി പുനരധിവാസത്തിനു കേന്ദ്ര സര്‍ക്കാര്‍ 1979 മെയ് 25ന് സംസ്ഥാനത്തിനു വിട്ടുകൊടുത്ത 531 ഹെക്ടര്‍ വനഭൂമിയുടെ ഭാഗമാണ് സര്‍വകലാശാലയുടെ കൈവശം പൂക്കോടുള്ളത്. വെറ്ററിനറി കോളജ് തുടങ്ങുന്നതിനു 1998 ഓഗസ്റ്റ് 13നാണ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് പൂക്കോട് 40.47 ഹെക്ടര്‍ ഭൂമി അനുവദിച്ചത്.
ഇവിടെ 2011ലായിരുന്നു സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിനു തുടക്കം. ദേശീയ ഹരിത ട്രൈബ്യൂണലും വനം-വന്യജീവി വകുപ്പും നിര്‍മാണങ്ങള്‍ തടഞ്ഞത് പൂക്കോട് കാംപസില്‍ ഏകദേശം 76 കോടി രൂപയുടെ പ്രവൃത്തികള്‍ മുടങ്ങുന്നതിനു കാരണമായി. ഇതേത്തുര്‍ന്ന് പൂക്കോട് വിഭാവനം ചെയ്ത പ്രവൃത്തികള്‍ പാലക്കാട് തിരുവാഴാംകുന്ന്, തൃശൂര്‍ മണ്ണുത്തി കാംപസുകളിലേക്ക് മാറ്റാന്‍ സര്‍വകലാശാല നേരത്തേ നീക്കം നടത്തുകയുണ്ടായി. 2016നകം വിനിയോഗിക്കേണ്ട ഈ ഫണ്ട് ലാപ്‌സാകുമെന്ന ഘട്ടത്തിലായിരുന്നു ഔദ്യോഗിക ആസ്ഥാനവും വെറ്ററിനറി കോളജും മാത്രം പൂക്കോട് നിലനിര്‍ത്തി ഗവേഷണ, പഠന, വിദൂരവ്യാപന കേന്ദ്രങ്ങളും ഡയറക്ടറേറ്റുകളും പുറത്തേക്ക് മാറ്റാനുള്ള സര്‍വകലാശാല പദ്ധതി.
ഈ സാഹചര്യത്തില്‍ ആവശ്യമായ നിര്‍മാണങ്ങള്‍ നടത്തുന്നതിനു പൂക്കോടിനു സമീപം നിയമ-സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത 10 ഏക്കര്‍ സ്ഥലം വിലയ്ക്കുവാങ്ങി സര്‍വകലാശാലയ്ക്ക് കൈമാറാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനമായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയോടു ചേര്‍ന്ന് കല്‍പറ്റ, ചുണ്ടേല്‍ വില്ലേജുകളിലായി 10 ഏക്കര്‍ സ്വകാര്യഭൂമി ഏറ്റെടുത്ത് സര്‍വകലാശാലയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടറെ 2016 ജനുവരിയില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സ്ഥലമെടുപ്പിനു നാല് കോടി രൂപയും അനുവദിച്ചു. എന്നാല്‍ നടപടികള്‍ ഇപ്പോഴും ചുവപ്പുനാടയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."