വാടകക്കെട്ടിടങ്ങള്‍ മാറിമാറി വിളപ്പില്‍ ശാല പൊലിസ് സ്‌റ്റേഷന്‍ സ്‌റ്റേഷനു വേണ്ടിയുള്ള കെട്ടിട നിര്‍മാണം ഫയലില്‍ കുരുങ്ങി
മലയിന്‍കീഴ്: വാടകക്കെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് വിളപ്പില്‍ ശാല പൊലിസ് സ്‌റ്റേഷന്‍.
നൂലിയോട് മലയിലുള്ള വാടകക്കെട്ടിടത്തിലാണ് സ്റ്റേഷന്റെ ഇനിയുള്ള പ്രവര്‍ത്തനം. ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന , കാലപ്പഴക്കത്താല്‍ നിലംപതിക്കാറായ വാടകക്കെട്ടിടത്തില്‍ നിന്ന് താല്‍ക്കാലിക മോചനം. സ്‌റ്റേഷന്റെ ശോചനീയാവസ്ഥ അറിഞ്ഞ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരാഴ്ചയ്ക്കുള്ളില്‍ സ്‌റ്റേഷന്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് പൊലീസ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കെട്ടിടം അന്വേഷിച്ചു.വിളപ്പില്‍ശാല ഊറ്റുകുഴിയിലെ ഒരു കെട്ടിടമാണ് ആദ്യം പരിഗണിച്ചത്. ഇതിന്റെ കടലാസ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ,പൊലിസ് സ്‌റ്റേഷന് കെട്ടിടം നല്‍കിയാല്‍ ഒഴിപ്പിക്കാന്‍ പ്രയാസമാണെന്ന് കെട്ടിട ഉടമയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ ഉടമ കെട്ടിടം നല്‍കുന്നതിന് വിസമ്മതമറിയിച്ചു. തുടര്‍ന്നാണ് പൊലീസ് നൂലിയോട്ടെ കെട്ടിടം വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. ഈ ആഴ്ചയില്‍ തന്നെ സ്‌റ്റേഷന്‍ മാറാനാകുമെന്നാണ് കണക്കുകൂട്ടല്‍. പുതിയ കെട്ടിടത്തിലേക്ക് മാറിയാലും നിലവിലെ പൊലീസ് സ്‌റ്റേഷന്‍ ഔട്ട് പോസ്റ്റായി നിലനിര്‍ത്തിയേക്കും.
ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍, തൊണ്ടിമുതലുകള്‍ ഇവയൊക്കെ ഇവിടെനിന്ന് മാറ്റുന്നതിന് സാങ്കേതിക തടസമുള്ളതിനാലാണ് പഴയ സ്‌റ്റേഷന്‍ ഔട്ട് പോസ്റ്റായി നിലനിര്‍ത്തുന്നത്. കമ്പൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്ന മുറിക്ക് കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ ഇതിന് തടസമുണ്ടാകില്ല. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന നിലം പൊത്താറായ വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ വിളപ്പില്‍ശാല സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത് നല്‍കിയ 20 സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനായി കഴിഞ്ഞ ഫെബ്രുവരി 24 ന് തറക്കല്ലിട്ടെങ്കിലും ഇത് ഫയലില്‍ കുരുങ്ങിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."