1000,500 അസാധു; ജനം എങ്ങനെ ജീവിക്കും...?
ഒരു രാത്രികൊണ്ട് വിലയില്ലാതായ നോട്ടുകളുമായി ജനം പരക്കം പായാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ അഞ്ചു കഴിഞ്ഞു. 'പണമില്ലെങ്കില്‍ പിണം' എന്ന പഴഞ്ചൊല്ലിന്റെ പൊരുള്‍ ശരിക്കും അറിഞ്ഞ ദിവസങ്ങള്‍. കറന്‍സികളുടെ ക്രയവിക്രയങ്ങള്‍ താളം തെറ്റിയപ്പോള്‍ ജനജീവിതം തന്നെ താളം തെറ്റുകയാണ്. തൊഴില്‍ മേഖലയാകെ സ്തംഭനത്തിലേക്ക് നീങ്ങുന്നു. നിത്യജീവിതത്തിനുള്ള കാശ് കൈയില്‍ കരുതാന്‍ പോലും സമയം നല്‍കാതെ ഇടിമിന്നല്‍ പോലെയെത്തിയ തീരുമാനത്തില്‍ പകച്ചു നില്‍ക്കുന്നത് കള്ളപ്പണക്കാര്‍ മാത്രമല്ല, സാധാരണക്കാരായ പാവം ജനങ്ങളുമാണ്. സാമ്പത്തിക അടിയന്തിരാവസ്ഥ വിവിധ മേഖലകളെ എങ്ങനെ ബാധിച്ചുവെന്നാണ് ഇന്നത്തെ വടക്കന്‍ കാറ്റ് അന്വേഷിക്കുന്നത്.
ചില്ലറയല്ല കെ.എസ്.ആര്‍.ടി.സിയിലെ 'ചില്ലറ' പ്രശ്‌നം
കാസര്‍കോട്: കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ കെ.എസ്.ആര്‍.ടി.സിക്ക് പറയാനുള്ളത് നഷ്ടക്കണക്കു മാത്രം. ഈമാസം എട്ടുവരെ പ്രതിദിനം 12 ലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ കിട്ടുന്നത് ഏതാണ്ട് ഒന്‍പതു ലക്ഷം രൂപയോളം മാത്രം. അതായത് ദിവസവും മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ നഷ്ടം ഏകദേശം 15 ലക്ഷത്തോളം വരുമെന്ന് കാസര്‍കോട് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ കെ. ഗണേശന്‍ പറയുന്നു. അസാധുവാക്കിയ നോട്ടുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഇന്നുവരെ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഈ അവസരം മുതലെടുത്ത് വലിയ നോട്ടുകള്‍ ചില്ലറയാക്കാന്‍ മാത്രം നിരവധിപേര്‍ ബസില്‍ കയറുന്നതായും ജീവനക്കാര്‍ പറയുന്നു. ചില്ലറയില്ലാത്ത കാരണത്താല്‍ വാക്കുതര്‍ക്കങ്ങളും പതിവാവുകയാണ്. ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ വരെയെത്തിയ ആറോളം കേസുകള്‍ ഒത്തു തീര്‍പ്പിനായി എത്തിയിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ കെ. ഗണേശന്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ചില റൂട്ടുകളില്‍ ബസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."