പ്രകൃതിവശ്യത വിളിച്ചറിയിച്ച് മപ്പാട്ടുകര ആനപ്പാറ കുന്ന്
കൊപ്പം: നരിമട കുന്നെന്നും ആനപ്പാറ കുന്നെന്നും പറയുന്ന മപ്പാട്ടുകരയിലെ ഈ കുന്ന് പ്രകൃതിയുടെ വശ്യത വിളിച്ചെറിയിക്കുന്ന മനോഹര പ്രദേശമാണ്. കല്ലുകള്‍ കഥ പറയുന്ന മനോഹരമായ കുന്നിന്‍ മുകളിലെത്തിയാല്‍ അനേകം കുന്നുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന കുന്തിപ്പുഴയുടെ വശ്യത ദൃശ്യാനന്ദമാണ്. ഹരിത ഭംഗി ചാര്‍ത്തിയ ഗ്രാമീണ കാഴ്ചകളും പച്ച പുതച്ച വയലേലകളും കണ്ണിനു കുളിര്‍മയേകും.
ഗ്രാമത്തിന്റെ എല്ലാ പരിശുദ്ധിയും നിറഞ്ഞ മൊട്ടക്കുന്നുകളും താഴുകി തലോടി വരുന്ന ഇളം കാറ്റും ഏതു പ്രകൃതി സ്‌നേഹിയുടെയും മനസ് കുളിര്‍പ്പിക്കും.
ഈ കുന്നിന്‍ ചെരുവിലെ പാറക്കിടയില്‍ ഒരു ഗുഹയുണ്ട്. കുറച്ചുകാലങ്ങള്‍ക്കു മുന്‍പുവരെ പുലിയും നരിയുമെല്ലാം ഈ ചുറ്റുഭാഗങ്ങളിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അതു കൊണ്ടാണ് ഈ കുന്നിന് നരിമടകുന്നെന്ന പേരു വന്നതെന്നാണ് പഴമക്കാരുടെ അഭിപ്രായം.
ഈ കുന്നുമായി പ്രചരിച്ച മനോഹരമായൊരു കെട്ടുകഥയുണ്ട്. അടുത്ത പ്രദേശമായ ചെര്‍പ്പുളശ്ശേരി ഭാഗത്തു നിന്ന് കാല്‍നടയായി ആനയുമായിവന്ന പാപ്പാന്‍ ഒരിക്കല്‍ ഈ കുന്നിന്‍ ചെരുവിലെ പനമരത്തില്‍ ആനയെ തളച്ചു. താഴെ പുഴയില്‍ കുളിക്കാന്‍ പോയി തിരിച്ചു വന്നപ്പോള്‍ ആന കല്ലായതാണു കണ്ടത്. ഇതു കൊണ്ടാണ് ഈ കുന്നിന് ആനപ്പാറ കുന്നെന്ന് പറയുന്നതെന്നാണ് ഒരഭിപ്രായം. അതല്ല ആനയുടെ രൂപം പോലോത്ത വലിയ പാറകൂട്ടങ്ങള്‍ നിറഞ്ഞ കുന്നായതു കൊണ്ട് ഈ പേരു കിട്ടിയതെന്നും പറയപ്പെടുന്നു.
കുന്നിനു മുകളിലെ കാഴ്ചകളും മനോഹരമാണ്. നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഹരിത താഴ്വാരവുംആ പച്ചപ്പിന്നിടയില്‍ മനോഹരമായ കുന്തിപ്പുഴയുടെ കാഴ്ചയും ഏലംകുളം റെയില്‍വെ പാലം മുതു കുറുശ്ശി പാലം എന്നിവയുടെ ദൃശ്യവിരുന്നും ഒരിക്കലും മനസില്‍ നിന്നും മാഞ്ഞു പോകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."