ഞാറ്റുവേലകള്‍ തുണച്ചില്ല: വയലുകള്‍ വരളുന്നു
കൊല്ലങ്കോട്: തുലാവര്‍ഷത്തിലെ മഴയില്ലായ്മ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ചോതി ഞാറ്റുവേലയുടെ ആദ്യ ഏഴു ദിവസമോ അവസാന ഏഴു ദിവസമോ ആണ് ശക്തമായ മഴ ലഭിക്കാറുള്ളത്. തുലാവര്‍ഷത്തില്‍ കിഴക്കന്‍ മഴ ലഭിച്ചാല്‍ മാത്രമേ കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച ജലസംഭരണികളില്‍ ജല സമ്പുഷ്ടമാകൂ. എന്നാല്‍ ഇത്തവണ ലിക്കേണ്ട മഴയുടെ തോത് കുറഞ്ഞതും ജലസംഭരണികളിലെ സംഭരണ കുറവും രണ്ടാംവിളവിറക്കിയ നെല്‍ കര്‍ഷകരെ ആശങ്കയിലാക്കി.
നടീല്‍ കഴിഞ്ഞ പാടങ്ങളിലും രാസവള പ്രയോഗം നടത്തിയ നെല്പാടങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കുഴല്‍ കിണറില്‍ നിന്നും വെള്ളം ഉപയോഗിച്ചു കാര്‍ഷിക വൃത്തിക്കായി നെല്പാടം ഒരുക്കിയെങ്കിലും ഭൂഗര്‍ഭ ജലവിതാനം കുറയുന്നതും കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. നവംബര്‍ പാതിയായതോടെ പകല്‍ കനത്ത ചൂടും സന്ധ്യയാകുന്നതോടെ മഞ്ഞുവീഴ്ചയും തുടങ്ങിയതോടെ മഴ പിന്‍വാങ്ങിയതായി കര്‍ഷകര്‍ പറയുന്നു. വെള്ളം ലഭിക്കാതെ കൃഷിനിലം ഉഴുതാത്ത കര്‍ഷകര്‍ ശൈത്യകാല വിളയായ മുതിര, ഉഴുന്ന് എന്നിവ പരീക്ഷിക്കാന്‍ തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."