ഏകസിവില്‍ കോഡ് ചോദ്യാവലി: അഭിപ്രായം തേടല്‍ മാത്രമെന്ന് ചെയര്മാന്
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ രാജ്യത്തു പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി നിയമ കമ്മിഷന് ചെയര്മാന് ബി.എസ് ചൗഹാന് രംഗത്തെത്തി. ഏകസിവില്‍കോഡ് സംബന്ധമായി നിയമ കമ്മിഷന് പുറത്തിറക്കിയ ചോദ്യാവലി അഭിപ്രായം തേടല്‍ മാത്രമാണെന്നും രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ക്ക് അവരവരുടെ വ്യക്തിനിയമം തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നിയമ കമ്മിഷന് ചെയര്‍മാന്റെ വിശദീകരണം.
ഏകസിവില്‍കോഡ് നടപ്പാക്കുന്നതു മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കില്ലേയെന്ന ചോദ്യത്തിനു വിഷയത്തില്‍ അഭിപ്രായം തേടുക മാത്രമാണു ചെയ്തതെന്നും മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ മതങ്ങളെ ബാധിക്കാത്തവിധത്തില്‍ മാത്രമേ നടപ്പാക്കൂവെന്നും അദ്ദേഹം മറുപടി നല്കി.
മുത്വലാഖ് വിഷയം പരിഗണനയിലാണെന്നും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ആ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും ഓര്‍മിപ്പിച്ചു.
എന്നാല്‍, രാജ്യത്ത് ഏകസിവില്‍കോഡിനെതിരേ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ അതു തണുപ്പിക്കുന്നതിനായാണു നിയമകമ്മിഷന് ചെയര്‍മാന്റെ പ്രസ്താവനയെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."