കനത്ത സുരക്ഷയില്‍ ശബരിമല നട ഇന്നു തുറക്കും; ആദ്യമായി പൊലിസ് ഹെല്‍പ് ലൈന്‍ സംവിധാനവും
പത്തനംതിട്ട: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് കനത്ത സുരക്ഷ. ഇതിന്റെ ഭാഗമായി സംശയാസ്പദമായ സാഹചര്യങ്ങള്‍, വ്യക്തികള്‍ എന്നിവരെ നിരീക്ഷിക്കാന്‍ പ്രത്യേക സ്‌പോട്ടര്‍മാരുടെ സേവനവും ഉണ്ടാകും. കൂടാതെ ആദ്യമായി തീര്‍ഥാടകര്‍ക്കായി പൊലിസ് ഹെല്‍പ് ലൈന്‍ സേവനവും ലഭ്യമാക്കും. 12890 എന്ന നമ്പരിലാകും സേവനം ലഭിക്കുക.
ശബരിമലയ്ക്ക് സുരക്ഷാഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. പാര്‍ക്കിങ് സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ ഉണ്ടാകും. കേരളാ പൊലിസിനെ കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സേന, കമാന്‍ഡോകള്‍, ദ്രുതകര്‍മസേന, എന്‍.ഡി.ആര്‍.എഫ് എന്നിവരുടെ സേവനവും ലഭ്യമാണ്. ശബരിമലയില്‍ ജോലിക്കെത്തുന്ന മുഴുവന്‍ തൊഴിലാളികളും പമ്പ പൊലിസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എസ്.പി പറഞ്ഞു.
35 ഇന്‍ഫ്രാറെഡ് വിഷന്‍ ക്യാമറകളും സ്ഥാപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളിലേതിനു പുറമേ പത്തനംതിട്ട, തിരുവനന്തപുരത്തെ ഇന്റലിജന്‍സ് ഓഫിസ്, റേഞ്ച് ഓഫിസ് എന്നിവിടങ്ങളിലും പരിശോധിക്കും. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍, ആശുപത്രികള്‍, കുളിക്കടവുകള്‍, പ്രധാന ട്രാഫിക് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്ന് ഷിഫ്റ്റിലായി 24 മണിക്കൂറും പൊലിസ് സേവനം ഉണ്ടായിരിക്കും. അതേസമയം ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് ഏത് ജില്ലയില്‍ പ്രശ്‌നമുണ്ടായാലും തീര്‍ഥാടകര്‍ക്ക് ബന്ധപ്പെടാം. പ്രശ്‌നപരിഹാരത്തിന് പമ്പയില്‍ പരിശീലനം ലഭിച്ച പൊലിസുകാരുടെ സേവനം 24 മണിക്കൂറും ഉണ്ടാകും. കൂടാതെ 'ശബരിമല പൊലിസ് ഹെല്‍പ് ലൈന്‍' എന്നൊരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും തീര്‍ഥാടകരുടെ സഹായത്തിനായി പൊലിസ് ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചിനാണ് ഈ വര്‍ഷത്തെ മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറക്കുക. നിലവിലെ മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. അയ്യപ്പ ക്ഷേത്രത്തിലേയും മാളികപ്പുറത്ത് അമ്പലത്തിലേയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങുകളും രാത്രിയില്‍ സന്നിധാനത്ത് നടക്കും. ശബരിമല മേല്‍ശാന്തിയായി പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശേരി തെക്കുംപറമ്പത്തുമനയില്‍ ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി പുതുമന മനു നമ്പൂതിരിയും ചുമതലയേല്‍ക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.എസ് ജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."