കൈതക്കുഴി കല്യാണിയമ്മയെ ദയാബായി ആദരിച്ചു
പാലക്കാട്: കൈതക്കുഴി കല്യാണിയമ്മയുടെ ജീവിതം തനിയ്ക്ക് പ്രചോദനമായെന്നും അവരെപ്പോലെ അര്‍ഹതപ്പെട്ടവരാണ് വലിയ വേദികളില്‍ ആദരിയ്ക്കപ്പെടേണ്ടതെന്നും അതിനാല്‍ ഏറ്റെടുത്ത ചുരുക്കം ചില വേദികളൊഴിച്ച് ഇനി വലിയ വേദികളിലേയ്ക്കില്ലെന്നും ദയാബായി. കൈതക്കുഴി കല്യാണിയമ്മയെക്കുറിച്ച് തൊടുവര്‍ സംവിധാനം ചെയ്യുന്ന 'പോരാളിയമ്മ' ഡോക്യുമെന്ററി സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാനും കല്യാണിയമ്മയെ നേരിട്ടു കണ്ട് ആദരിക്കാനും കല്യാണിയമ്മയുടെ കൈതക്കുഴിയിലെ വസതിയില്‍ എത്തിയതാണ് ദയാബായി. അര്‍ഹതയുണ്ടായിട്ടും വേണ്ടത്ര അംഗീകാരം കല്യാണിയമ്മയ്ക്ക് ലഭിച്ചില്ലെന്നും ഏതു വേദിയിലും കല്യാണിയമ്മയുടെ സമരത്തിന്റയും സഹനത്തിന്റെയും കഥകള്‍ ലോകത്തോടു പറയുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും അവര്‍ ഗ്രാമഭാരതത്തോടു പറഞ്ഞു. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇത് ആവര്‍ത്തിക്കുകയുണ്ടായെന്നും ദയാബായി. കല്യാണിയമ്മയോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കാനാവാത്തതെന്നും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന തന്റെ ആത്മകഥയില്‍ കല്യാണിയമ്മയുടെ പോരാട്ട ജീവിതം ചേര്‍ക്കുമെന്നും ദയാബായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."